ബെൽജിയത്തിനെതിരെ യൂറോ കപ്പ് യോഗ്യത മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജൻ, ഇന്ത്യക്കായി കളിക്കാൻ താൽപര്യമുണ്ടെന്ന് താരം | Manprit

ലോകഫുട്ബോളിൽ പല ദേശീയ ടീമുകളും നടപ്പിലാക്കുന്ന ഒരു പരിപാടിയാണ് തങ്ങൾക്കു വേണ്ടി കളിക്കാൻ കഴിയുന്ന മറ്റു ദേശീയതയിലുള്ള താരങ്ങളെ സ്വന്തമാക്കുകയെന്നത്. സ്പെയിനിൽ കളിക്കാൻ കഴിയുമായിരുന്ന അലസാൻഡ്രോ ഗർനാച്ചോയെ അർജന്റീന സ്വന്തമാക്കിയതും അർജന്റീന താരമായിരുന്ന റെറ്റെഗുയിയെ ഇറ്റലി സ്വന്തമാക്കിയതെല്ലാം ഈ രീതിയിലാണ്. ഇപ്പോഴും മറ്റു ദേശീയതയിലുള്ള പല താരങ്ങളെയും തങ്ങളുടെ ടീമിലേക്ക് കൊണ്ടുവരാൻ ദേശീയ ടീമുകൾ ശ്രമം തുടരുന്നുണ്ട്.

വളർച്ചയുടെ പടവുകൾ താണ്ടാനുള്ള ശ്രമം നടത്തുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിനും നടപ്പിലാക്കാൻ കഴിയുന്ന കാര്യമാണിത്. ഇന്ത്യൻ വംശജരായ നിരവധി താരങ്ങൾ യൂറോപ്പിലും മറ്റുമുള്ള ക്ലബുകളിൽ കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം മറ്റൊരു രാജ്യത്ത് പൗരത്വമുള്ള ഇന്ത്യൻ വംശജനായ ഒരാൾക്ക് ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ കഴിയില്ല. ഈ നിയമം മാറ്റാൻ എഐഎഫ്എഫ് ശ്രമം നടത്തുന്നുണ്ടെങ്കിലും അതിവിടെയും എത്തിയിട്ടില്ല.

അതിനിടയിൽ ഇന്ത്യൻ വംശജനായ ഒരു താരം കഴിഞ്ഞ ദിവസം യൂറോ കപ്പ് യോഗ്യത മത്സരത്തിൽ അരങ്ങേറ്റം നടത്തുകയുണ്ടായി. ഓസ്ട്രിയൻ ക്ലബായ സ്റ്റാം ഗ്രാസിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇരുപത്തിയേഴു വയസുള്ള മൻപ്രീത് സർക്കാരിയാ ആണ് കഴിഞ്ഞ ദിവസം ഓസ്ട്രിയൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രിയയുടെ ആദ്യ ഇലവനിൽ പ്രധാന സ്‌ട്രൈക്കറായി ഇറങ്ങിയ താരം ഒരു മണിക്കൂറിലധികം സമയം കളിക്കളത്തിൽ ഉണ്ടായിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാങ്നിക്കാന് നിലവിൽ ഓസ്ട്രിയൻ പരിശീലകൻ.

ഇന്ത്യൻ ഫുട്ബോളിനോട് താൽപര്യമുള്ള കളിക്കാരനാണ് മൻപ്രീത് സർക്കാരിയ എന്നതാണ് ഇക്കാര്യത്തിൽ പ്രതീക്ഷ നൽകുന്ന കാര്യം. “ഇന്ത്യൻ ഫുട്ബോളിൽ എനിക്ക് താൽപര്യമുണ്ട്. എന്നാൽ ഞാനിപ്പോൾ അവിടെ കളിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. എന്നാൽ ഒരു ഓഫർ വന്നാൽ ഭാവിയിൽ അങ്ങിനെ സംഭവിക്കില്ലെന്ന് ഞാനിപ്പോൾ പറയുന്നില്ല.” ഒരു അഭിമുഖത്തിനിടെ മൻപ്രീത് പറഞ്ഞതാണിത്. താരത്തിന് ഇന്ത്യയിലേക്ക് വരാൻ താൽപര്യമുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളുടെ മകനെന്ന നിലയിലാണ് മൻപ്രീതിനു ഇന്ത്യയുമായുള്ള ബന്ധം. ഇതുപോലെ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പൗരത്വമുള്ള ഇന്ത്യൻ താരങ്ങൾ വേറെയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമം മാറ്റി അവരുടെ ദേശീയ ടീമിൽ അവസരങ്ങൾ ലഭിക്കാത്ത മികച്ച ഇന്ത്യൻ താരങ്ങളെ കണ്ടെത്തി ദേശീയ ടീമിന്റെ ഭാഗമാക്കിയാൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്കും ലോകകപ്പ് യോഗ്യതയെന്ന സ്വപ്‌നത്തിനും കരുത്ത് നൽകുമെന്നതിൽ സംശയമില്ല.

Indian Orign Manprit Sarkaria Made Debut For Austria