മെസിക്ക് ലഭിക്കുന്നതിന്റെ ഇരട്ടി നേടുന്ന റൊണാൾഡോ, പ്രതിഫലത്തിൽ പോർച്ചുഗൽ താരത്തെ തൊടാൻ ആരുമില്ല | Ronaldo

ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യയിലേക്ക് ചേക്കേറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനം എടുത്തപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി തുടരാൻ കഴിയുമായിരുന്ന റൊണാൾഡോ തീർത്തും അപ്രധാനമായ ഒരു ലീഗിലേക്ക് ചേക്കേറുന്നത് അബദ്ധമാണെന്നാണ് പലരും വിലയിരുത്തിയത്. എന്നാൽ വമ്പൻ പ്രതിഫലമുള്ള കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയിലേക്ക് ചേക്കേറുകയായിരുന്നു റൊണാൾഡോ.

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ തന്റെ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് താരത്തിന്റെ ഇപ്പോഴത്തെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ സീസണിൽ നിരവധി ഗോളുകൾ അടിച്ചുകൂട്ടിയ റൊണാൾഡോക്ക് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ സീസണിൽ കിരീടനേട്ടത്തോടെയാണ് താരം സീസൺ തുടങ്ങിയതു തന്നെ. നിലവിൽ സൗദിയിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ തന്നെയാണ് യൂറോ യോഗ്യത റൗണ്ടിൽ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരവും.

അതിനിടയിൽ ഫോർബ്‌സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരങ്ങളിൽ ഒന്നാം സ്ഥാനത്തു വരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്തു നിൽക്കുന്ന മെസിയെ ബഹുദൂരം പിന്നിലാക്കിയാണ് റൊണാൾഡോ ഒന്നാമത് വന്നിരിക്കുന്നതെന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. ഏതാണ്ട് 260 മില്യൺ യൂറോയോളമാണ് ഒരു സീസണിൽ റൊണാൾഡോ പ്രതിഫലമായി വാങ്ങുന്നതെന്ന് ഫോർബ്‌സ് വ്യക്തമാക്കുന്നു.

ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ അർജന്റീന നായകൻ ലയണൽ മെസി റൊണാൾഡോയുടെ പകുതി പ്രതിഫലം മാത്രമേ വാങ്ങുന്നുള്ളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 135 മില്യൺ യൂറോയാണ് ലയണൽ മെസിക്ക് പ്രതിഫലമായി ലഭിക്കുന്നത്. സൗദിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ 112 മില്യൺ യൂറോ പ്രതിഫലം വാങ്ങി മൂന്നാമത് നിൽക്കുമ്പോൾ 110 മില്യൺ, 106 മില്യൺ എന്നിങ്ങനെ പ്രതിഫലം വാങ്ങുന്ന എംബാപ്പെ, ബെൻസിമ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു.

ലിസ്റ്റിൽ ആദ്യത്തെ അഞ്ചു താരങ്ങളിൽ യൂറോപ്യൻ ലീഗിൽ നിന്നും ഒരാൾ മാത്രം ഇടം പിടിച്ചപ്പോൾ ബാക്കിയുള്ള അഞ്ചു സ്ഥാനങ്ങളിൽ നാല് പേരും യൂറോപ്പിൽ നിന്നുമാണ്. 58 മില്യൺ പ്രതിഫലം വാങ്ങുന്ന ഹാലാൻഡ് ആറാമത് നിൽക്കുമ്പോൾ 53 മില്യൺ യൂറോ വാങ്ങുന്ന സലാ ഏഴാമത് നിൽക്കുന്നു. റൊണാൾഡോയുടെ സഹതാരമായ മാനെ 52 മില്ല്യനുമായി എട്ടാമതും 39 മില്യൺ, 36 മില്യൺ എന്നിങ്ങനെ പ്രതിഫലം വാങ്ങുന്ന ഡി ബ്രൂയ്ൻ, ഹാരി കെൻ എന്നിവർ ഒൻപതും പത്തും സ്ഥാനങ്ങളിലുണ്ട്.

Ronaldo Tops Forbes Highest Paid Footballers