കേരള ബ്ലാസ്റ്റേഴ്‌സിന്റെ ‘എക്‌സ് ഫാക്റ്റർ’ ലൂണ തന്നെ, യുറുഗ്വായ് താരം ഗോളടിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കില്ല | Luna

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇന്നുവരെ കളിച്ച താരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നു ചോദ്യം ആരാധകരോട് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ നൽകുന്ന മറുപടി അഡ്രിയാൻ ലൂണ എന്നായിരിക്കും. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ ടീമിലെത്തിയ ലാറ്റിനമേരിക്കൻ താരം പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം കവർന്നെടുക്കുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഈ സീസണിലും തന്റെ മികച്ച പ്രകടനം യുറുഗ്വായ് താരം ആവർത്തിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ആദ്യത്തെ സീസണിൽ അഞ്ചു ഗോളുകൾ നേടുകയും ഏഴു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത താരം ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി. ആ സീസണിൽ തനിക്കൊപ്പം ഉണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം പോയിട്ടും ടീമിനൊപ്പം തുടർന്ന ലൂണ കഴിഞ്ഞ സീസണിൽ നാല് ഗോളുകളും ആറ് അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്‌സിനായി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ദൗർഭാഗ്യം കൊണ്ടാണ് പുറത്തു പോയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ലാണ് ലൂണയെന്ന് വ്യക്തമാക്കുന്ന കണക്കുകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ പുറത്തു വിടുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം അഡ്രിയാൻ ലൂണ ഗോൾ നേടിയ ഒരു മത്സരത്തിൽ പോലും ടീം തോൽവി വഴങ്ങിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ലൂണ പതിനൊന്നു മത്സരങ്ങളിൽ ഗോൾ നേടിയപ്പോൾ അതിൽ എട്ടെണ്ണത്തിലും ടീം വിജയം സ്വന്തമാക്കി. മൂന്നു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയും ചെയ്‌തു.

ഈ സീസണിലും ടീമിനായി മികച്ച പ്രകടനമാണ് ലൂണ നടത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ വിജയം നേടിയ ആദ്യത്തെ രണ്ടു മത്സരങ്ങളിലും താരം ഗോളുകൾ നേടിയിരുന്നു. മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഒരേയൊരു ഗോളും താരം തുടങ്ങി വെച്ച നീക്കത്തിലൂടെ ആയിരുന്നു. കളിക്കളത്തിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ മുഴുവൻ സമയവും അധ്വാനിക്കുന്നതാണ്‌ ലൂണയെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയങ്കരനായ താരമാക്കി മാറ്റുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ സ്നേഹം അഡ്രിയാൻ ലൂണയും പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസൺ തുടങ്ങുന്നതിനു മുൻപ് വെളിപ്പെടുത്തിയത് പ്രകാരം കരിയർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം അവസാനിപ്പിക്കാനാണ് ലൂണയുടെ ആഗ്രഹം. തന്റെ നാടായ യുറുഗ്വായിലേക്ക് തിരികെ പോകാൻ പോലും ലൂണ ആഗ്രഹിക്കുന്നില്ല. തനിക്ക് വളരെയധികം സ്നേഹവും കരുതലും കേരളത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നാണ് ലൂണ വ്യക്തമാക്കുന്നത്.

Kerala Blasters Never Lose A Match When Adrian Luna Scored