2023 ബാലൺ ഡി ഓർ മെസിക്ക്, പതിനാറു ദിവസം മുൻപ് തന്നെ ഫലപ്രഖ്യാപനം അറിയിച്ചുവെന്ന് അർജന്റീന താരത്തിന്റെ കുടുംബസുഹൃത്ത് | Messi

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത് ഐതിഹാസികമായായിരുന്നു. ആദ്യത്തെ മത്സരം തോറ്റെങ്കിലും ലയണൽ മെസി മുന്നിൽ നിന്നു നയിച്ചപ്പോൾ പിന്നീടുള്ള എല്ലാ മത്സരങ്ങളിലും ടീം പൊരുതി വിജയം സ്വന്തമാക്കി കിരീടം ഉയർത്തി. ലോകകപ്പിന് ശേഷം ഉയർന്നു വന്ന ചർച്ചകളിൽ വരാനിരിക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം മെസി നേടുമെന്നാണ് ഏവരും വിലയിരുത്തിയത്. മെസിക്ക് പ്രധാനമായും മത്സരം നൽകുക എംബാപ്പെ ആയിരിക്കുമെന്നും ഭൂരിഭാഗവും കരുതി.

എന്നാൽ ക്ലബ് സീസൺ കൂടി കഴിഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. ഏർലിങ് ഹാലാൻഡ് ഗോളുകൾ അടിച്ചു കൂട്ടി മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടങ്ങളിലേക്ക് നയിക്കുകയുണ്ടായി. മാഞ്ചസ്റ്റർ സിറ്റിയിലെ ആദ്യത്തെ സീസണിൽ തന്നെ പ്രീമിയർ ലീഗിൽ റെക്കോർഡ് ഗോൾവേട്ടയും മൂന്നു പ്രധാന കിരീടങ്ങളും ഹാലാൻഡ് സ്വന്തമാക്കിയതോടെ ലയണൽ മെസിക്ക് ബാലൺ ഡി ഓറിൽ നോർവേ താരം ഭീഷണിയാകുമെന്നും ചിലപ്പോൾ പുരസ്‌കാരം തന്നെ സ്വന്തമാക്കുമെന്നും ഒരു വിഭാഗം കരുതി.

എന്നാൽ ബാലൺ ഡി ഓർ പോലെയുള്ള പുരസ്‌കാരങ്ങൾക്ക് ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റുകളിൽ വിജയം ഒരു പ്രധാന ഘടകമാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ കൂടുതൽ സാധ്യത മെസിക്കാണെന്നാണ് ഇക്കാര്യത്തിൽ വിദഗ്‌ദർ അഭിപ്രായപ്പെട്ടത്. ബാലൺ ഡി ഓർ പവർ റാങ്കിങ്ങുകളിലും ലയണൽ മെസി തന്നെയാണ് മുന്നിൽ നിന്നത്. ഇപ്പോൾ ലയണൽ മെസിയുടെ ഒരു കുടുംബസുഹൃത്ത് പറയുന്നത് മെസിക്കു തന്നെയാണെന്നാണ്.

ലയണൽ മെസിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള അലസാന്ദ്രോ ഡോസെറ്റിയെന്ന സുഹൃത്താണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ള നിർണായകമായ വിവരം കൈമാറിയത്. അദ്ദേഹം പറയുന്നത് പ്രകാരം കഴിഞ്ഞ ദിവസം 2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം മെസിക്കാണെന്ന് ബന്ധപ്പെട്ടവർ താരത്തെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ മുപ്പതിന് പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെയാണ് മെസി തന്നെയാണ് അത് നേടുകയെന്നതിനു ശക്തമായ സൂചന ലഭിക്കുന്നത്.

ലയണൽ മെസിക്കാണ് ഇത്തവണ പുരസ്‌കാരം ലഭിക്കുന്നതെങ്കിൽ താരത്തെ സംബന്ധിച്ച് എട്ടാമത്തെ ബാലൺ ഡി ഓറാണ് സ്വന്തമാവുക. ബാലൺ ഡി ഓർ നേട്ടങ്ങളിൽ മറ്റൊരു താരവും ലയണൽ മെസിയെ മറികടക്കാൻ യാതൊരു സാധ്യതയുമില്ല. അഞ്ചു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തം പേരിലുള്ള റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസിക്ക് പിന്നിലുള്ളത്. മെസി പുരസ്‌കാരം സ്വന്തമാക്കിയാൽ യൂറോപ്പിന് പുറത്തു നിന്ന് ബാലൺ ഡി ഓർ നേടുന്ന ആദ്യത്തെ താരമായും മെസി മാറും.

Messi Was Told That He Is The Ballon Dor 2023 Winner