മുപ്പതാം വയസിനു ശേഷം 73 ഗോളുകൾ, കരിയറിൽ മാന്ത്രികസംഖ്യകൾ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അതിന്റെ നിരാശ കൂടി മാറ്റുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ ദിവസവും തന്റെ ഗോൾവേട്ട തുടരുകയാണ്. ഇന്നലെ സ്ലോവാക്യക്കെതിരെ റൊണാൾഡോ നേടിയ ഇരട്ടഗോളുകളാണ് പോർച്ചുഗലിന് മത്സരത്തിൽ വിജയം സമ്മാനിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ പതിനെട്ടാം മിനുട്ടിൽ ഗോൺകാലോ റാമോസിലൂടെ മുന്നിലെത്തിയ പോർചുഗലിനായി അതിനു പിന്നാലെ തന്നെ റൊണാൾഡോ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്തി. ആദ്യപകുതി പോർച്ചുഗൽ രണ്ടു ഗോളിന് മുന്നിലെത്തി നില ഭദ്രമാക്കിയെങ്കിലും രണ്ടാം പകുതിയിൽ സ്ലോവാക്യ ഒരു ഗോൾ നേടി പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിനു പിന്നാലെ തന്നെ ബ്രൂണോയുടെ അസിസ്റ്റിൽ മറ്റൊരു ഗോൾ കൂടി റൊണാൾഡോ പോർച്ചുഗലിന്റെ വിജയമുറപ്പിച്ചു.

സ്ലോവാക്യ പിന്നീടൊരു ഗോൾ കൂടി നേടിയെങ്കിലും പോർച്ചുഗലിന്റെ വിജയം തടുക്കാൻ കഴിഞ്ഞില്ല.ഇതോടെ ഏഴു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയം നേടിയ പോർച്ചുഗൽ യൂറോ കപ്പിന് യോഗ്യത ഉറപ്പിച്ചു. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർചുഗലിനായി ഏറ്റവുമധികം ഗോൾ നേടിയത് റൊണാൾഡോയാണ്. ഏഴു ഗോളുകൾ നേടിയ താരം ടോപ് സ്‌കോറർ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഒൻപത് ഗോളുകൾ നേടിയ ബെൽജിയം താരം ലുക്കാക്കുവാണ് മുന്നിൽ നിൽക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ദേശീയ ടീമിനായി റൊണാൾഡോയുടെ ഗോൾനേട്ടം 125 ഗോളുകളായി വർധിച്ചു. മറ്റൊരു ഫുട്ബോൾ താരവും ഇത്രയധികം ഗോളുകൾ ദേശീയ ടീമിനായി നേടിയിട്ടില്ല. അതിനു പുറമെ മുപ്പതാം വയസിനു ശേഷം പോർചുഗലിനായി 73 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. മുപ്പതാം വയസു വരെ ദേശീയ ടീമിനായി 52 ഗോളുകൾ മാത്രം നേടിയ റൊണാൾഡോയാണ് അതിനു ശേഷം എട്ടു വർഷത്തിൽ 73 ഗോളുകൾ അടിച്ചു കൂട്ടിയത്.

ഇതിനു പുറമെ ഇന്നലത്തെ ഇരട്ടഗോളുകളോടെ കരിയറിൽ 857 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു. ഇക്കാര്യത്തിലും റൊണാൾഡോ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അതിനു പുറമെ 213 ഗെയിം വിന്നിങ് ഗോളുകൾ, മൂന്നു വ്യത്യസ്‌ത ശതാബ്ദങ്ങളിൽ നൂറിലധികം ഗോളുകൾ എന്ന നേട്ടവും റൊണാൾഡോയെ സ്വന്തമാക്കി. മുപ്പത്തിയെട്ടാം വയസിലും മികച്ച ഫോമിൽ കളിക്കുന്ന റൊണാൾഡോ അടുത്ത യൂറോയും അതിനു ശേഷം ലോകകപ്പും നേടിയാലും അത്ഭുതപ്പെടാൻ കഴിയില്ല.

Ronaldo Scored Brace For Portugal Against Slovakia