റൊണാൾഡോയെ തൊണ്ണൂറ്റിയൊമ്പത് ചാട്ടവാറടി കാത്തിരിക്കുന്നു, ഇനി ഇറാനിലേക്ക് കാലു കുത്താൻ കഴിഞ്ഞേക്കില്ല | Ronaldo

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പേഴ്‌സപോളിസുമായുള്ള മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാനിൽ എത്തിയത് വാർത്തകളിൽ ഇടം പിടിച്ച കാര്യമാണ്. താരം വിമാനം ഇറങ്ങി എയർപോർട്ടിന്റെ പുറത്തേക്ക് വന്നത് മുതൽ ഹോട്ടലിൽ എത്തുന്നത് വരെ നൂറു കണക്കിന് ആരാധകരാണ് റൊണാൾഡോ യാത്ര ചെയ്യുന്ന ടീം ബസിനെ പിന്തുടർന്നത്. അതിനു പുറമെ താരം താമസിക്കുന്ന ഹോട്ടലിലും വലിയ രീതിയിലുള്ള സ്വീകരണമാണ് പോർച്ചുഗൽ നായകന് ലഭിച്ചത്.

നിരവധി ഫുട്ബോൾ ആരാധകരുള്ള ഇറാനിൽ താരത്തിന് ലഭിച്ച സ്വീകരണം അവിടെയുള്ളവർ എത്രത്തോളം റൊണാൾഡോയെ ആരാധിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ അതെ ഇറാനിലേക്ക് ഇനി റൊണാൾഡോക്ക് കാലു കുത്താൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇറാനിൽ ഇനി എത്തിയാൽ റൊണാൾഡോ അറസ്റ്റ് ചെയ്യപ്പെടാനും താരത്തിന് 99 ചാട്ടവാറടി ലഭിക്കാനുമുള്ള സാധ്യതയുണ്ട്.

ഇറാനിൽ എത്തിയ റൊണാൾഡോ തന്റെ വലിയൊരു ആരാധികയും ചിത്രകാരിയുമായ ഫാത്തിമ ഹാമിമിയെ സന്ദർശിച്ചത് വാർത്തകളിൽ ഇടം നേടിയ സംഭവമാണ്. 85 ശതമാനം ശരീരവും തളർന്നു കിടക്കുന്ന ഫാത്തിമ ഹമിമിയെ സന്ദർശിച്ച റൊണാൾഡോ അവർക്കൊപ്പം ചിത്രം എടുക്കുകയും സ്നേഹത്തോടെ പുണരുകയും മൂർദ്ദാവിൽ ചുംബനം നൽകുകയും ചെയ്‌തിരുന്നു. തന്റെ ആരാധികയോട് വാത്സല്യത്തോടെ കാണിച്ച ഈ പ്രവൃത്തിയാണ് താരത്തെ കുരുക്കിലാക്കിയിരിക്കുന്നത്.

ഇറാനിലെ നിയമങ്ങൾ പ്രകാരം പരസ്ത്രീയായ ഒരു യുവതിയെ സ്‌പർശിക്കുന്നത് വ്യഭിചാരത്തിന് തുല്യമായ കുറ്റമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യത്തെ ഒരു കൂട്ടം വക്കീലന്മാർ റൊണാൾഡൊക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ റൊണാൾഡോക്ക് ഇറാനിലേക്ക് വരാൻ കഴിയില്ല. വന്നാൽ താരത്തിനെ അറസ്റ്റ് ചെയ്‌ത്‌ ശിക്ഷ വിധിക്കാനുള്ള സാധ്യതയുണ്ട്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായി റൊണാൾഡോ ഇനി ഇറാനിലേക്ക് വരേണ്ടി വരില്ല. എന്നാൽ ഇറാനിൽ നിന്നുള്ള ക്ലബുകൾ നോക്ക്ഔട്ടിൽ എത്തുകയും അവർ അൽ നസ്റിനെതിരെ മത്സരിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ കാര്യങ്ങൾ കുഴഞ്ഞു മറിയും. അതേസമയം ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടത് ജഡ്‌ജിമാരാണെന്നും റൊണാൾഡോയുടെ പ്രവൃത്തി വാത്സല്യത്തോടെ ആയിരുന്നുവെന്ന് അവർക്ക് തോന്നിയാൽ ശിക്ഷ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

Ronaldo Could Face 99 Lashes If He Visits Iran