ക്യാപ്റ്റൻ ആംബാൻഡ്‌ വേണ്ടെന്ന് ഒട്ടമെൻഡിയോട് ലയണൽ മെസി, സ്നേഹപൂർവ്വം മെസിക്ക് തന്നെ നൽകി ഒട്ടമെൻഡി | Messi

അർജന്റീനയും പാരഗ്വായും തമ്മിൽ ഇന്ന് രാവിലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ മാസം ഇക്വഡോറിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല എന്നതിനാൽ മുൻകരുതലെന്ന നിലയിലാണ് മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ലയണൽ മെസി ആദ്യ ഇലവനിൽ ഇല്ലാതിരുന്നതിനാൽ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീന ടീമിനെ നയിച്ചത്.

നായകനെന്ന നിലയിൽ മികച്ച പ്രകടനമാണ് ഒട്ടമെൻഡി അർജന്റീന ടീമിനായി നടത്തിയത്. മൂന്നാം മിനുട്ടിൽ ഡി പോൾ എടുത്ത കോർണറിൽ നിന്നും അർജന്റീനക്കായി ഗോൾ നേടിയ താരം അതിനു ശേഷം ആ ഗോൾ പ്രതിരോധിക്കാൻ മികച്ച പ്രകടനമാണ് നടത്തിയത്. ആ ഗോളിന്റെ പിൻബലത്തിൽ അർജന്റീന വിജയം നേടിയപ്പോൾ ടീമിന് ക്ലീൻഷീറ്റ് നേടിക്കൊടുക്കാനും ഒട്ടമെൻഡിക്ക് കഴിഞ്ഞു. തുടർച്ചയായ ഏഴാമത്തെ മത്സരത്തിലാണ് അർജന്റീന ക്ലീൻ ഷീറ്റ് സ്വന്തമാക്കുന്നത്.

അതേസമയം മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ ലയണൽ മെസി അതിനു ശേഷം ഒട്ടമെൻഡിയുമായി നടത്തിയ ആശയവിനിമയമാണ്‌ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്. ലയണൽ മെസി ഒരു മികച്ച നായകനാണെന്നും അതുപോലെ തന്നെ താരത്തിനെ അർജന്റീനയുടെ ഓരോ കളിക്കാരും എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രവും ഈ സംഭവം നൽകുകയുണ്ടായി. അൻപത്തിമൂന്നാം മിനുട്ടിലാണ് മെസി കളത്തിലിറങ്ങിയത്.

ജൂലിയൻ അൽവാരസിനു പകരക്കാരനായി ലയണൽ മെസി കളത്തിലിറങ്ങാൻ കാത്തിരിക്കുന്ന സമയത്ത് ഒട്ടമെൻഡി അതുവരെ അണിഞ്ഞിരുന്ന ക്യാപ്റ്റൻ ആംബാൻഡ്‌ തിരിച്ചു നൽകാൻ വേണ്ടി വരികയായിരുന്നു. എന്നാൽ ലയണൽ മെസി സൈഡ് ലൈനിൽ നിന്നുകൊണ്ട് ക്യാപ്റ്റൻ ആംബാൻഡ്‌ തുടർന്നും അണിയാനാണ് ഒട്ടമെൻഡിയോട് പറഞ്ഞത്. മെസി അങ്ങിനെ പറഞ്ഞെങ്കിലും ബെൻഫിക്ക താരം മെസിയുടെ അടുത്തെത്തി തങ്ങളുടെ നായകനെ ആംബാൻഡ്‌ അണിയിക്കുകയും ചെയ്‌തു.

മെസിയെ ടീമിന്റെ നായകനെന്ന നിലയിൽ മറ്റു താരങ്ങൾ എത്രത്തോളം മതിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. അതേസമയം തനിക്ക് ക്യാപ്റ്റൻ സ്ഥാനത്തിനോട് യാതൊരു ആഗ്രഹവും ഇല്ലെന്ന് ലയണൽ മെസി ഇതിലൂടെ വ്യക്തമാക്കുന്നു. ക്യാപ്റ്റൻ ആംബാൻഡ്‌ അണിഞ്ഞില്ലെങ്കിലും തനിക്ക് ടീമിനെ നയിക്കാൻ കഴിയുമെന്ന് മെസിക്ക് ആത്മവിശ്വാസവുമുണ്ട്. അതിനു പുറമെ അർജന്റീന താരങ്ങൾ തമ്മിലുള്ള കെട്ടുറപ്പ് കൂടി ഈ സംഭവത്തിൽ തെളിഞ്ഞു കാണുന്നു.

Messi Tells Otamendi Not To Give Captain Armband