കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തു, ആരാധകരുടെ പ്രിയതാരങ്ങൾ ടീമിൽ | Kerala Blasters

ഒക്ടോബർ 13, 2014ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി കളിക്കാനിറങ്ങുന്നത്. രണ്ടു മാസങ്ങൾ മാത്രം നീണ്ടു നിന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ സീസണായിരുന്നു അത്. ആ സീസണിൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു തവണ കൂടി ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും കിരീടം നേടാൻ അവർക്ക് സാധിച്ചിട്ടില്ല. അതേസമയം ആരാധകരുടെ കരുത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിൽ സംശയമില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസൺ ആരംഭിച്ച ഈ ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഇലവൻ കഴിഞ്ഞ ദിവസം കായികമാധ്യമമായ ഖേൽ നൗ പുറത്തു വിടുകയുണ്ടായി. ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ബൂട്ട് കെട്ടിയ മികച്ച താരങ്ങളെയാണ് ഇതിൽ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ നിന്നും അഡ്രിയാൻ ലൂണ, ജീക്സൺ സിങ്, സന്ദീപ് സിങ് എന്നിവർ ഇടം നേടിയ ടീമിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പല പ്രിയപ്പെട്ട താരങ്ങളുമുണ്ട്.

2014-15 സീസണിലും 2016ലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പറായിരുന്ന സന്ദീപ് നന്ദിയാണ് ടീമിന്റെ വല കാക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്ന ജെസ്സൽ കാർനൈറോ ലെഫ്റ്റ് ബാക്കും നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചു കൊണ്ടിരിക്കുന്ന സന്ദീപ് സിങ് റൈറ്റ് ബാക്കുമാണ്. 2016-2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരമായിരുന്ന വിക്റ്റർ ഹ്യൂഗ്‌സിനൊപ്പം 2014 മുതൽ 2020 വരെ ടീമിലുണ്ടായിരുന്ന സന്ദേശ് ജിങ്കനാണ് സെന്റർ ബാക്കായുള്ളത്.

മധ്യനിരയിലും നാല് താരങ്ങളാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിൽ നിന്നും സീനിയർ ടീമിലെത്തി ഇപ്പോൾ മധ്യനിരയുടെ ഹൃദയമായി കളിക്കുന്ന ജീക്സൺ സിംഗിനൊപ്പം 2014 മുതൽ 2016 വരെ ടീമിനൊപ്പം ഉണ്ടായിരുന്ന മെഹ്താബ് ഹൊസൈൻ എന്നിവരാണ് മധ്യനിരയിലുള്ള രണ്ടു താരങ്ങൾ. ഇവർക്കൊപ്പം രണ്ടു വിങ്ങുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ അഡ്രിയാൻ ലൂണയും കഴിഞ്ഞ സീസൺ വരെ ടീമിലുണ്ടായിരുന്ന സഹലും ചേരുന്നു.

മുന്നേറ്റനിരയിലുള്ള രണ്ടു താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഒരു സീസൺ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിട്ടുള്ളൂവെങ്കിലും പതിനഞ്ചു മത്സരങ്ങളിൽ നിന്നും പതിനാറു ഗോളുകൾ നേടിയ നെഞിജീരിയൻ താരം ബർത്താമോ ഓഗ്‌ബച്ചേ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും മറക്കാത്ത കനേഡിയൻ സ്‌ട്രൈക്കർ ഇയാൻ ഹ്യൂം എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിൽ രണ്ടു തവണ കളിച്ചിട്ടുള്ള ഹ്യൂം പത്ത് ഗോളുകളാണ് ടീമിനായി നേടിയിട്ടുള്ളത്.

Kerala Blasters All Time ISL XI