സൗദിയിലെ കർശനനിയമങ്ങൾ വഴിമാറിയെങ്കിൽ ഇറാനിലെ നിയമവും മുട്ടുമടക്കും, റൊണാൾഡോ യഥാർത്ഥ ഹീറോ തന്നെ | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന വാർത്ത ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്നതായിരുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ഇറാനിലെത്തിയ റൊണാൾഡോ ശരീരത്തിന്റെ എൺപതു ശതമാനത്തോളം തളർന്ന തന്റെ കടുത്ത ആരാധികയായ ഫാത്തിമക്കൊപ്പം ഏതാനും നിമിഷങ്ങൾ പങ്കു വെച്ചിരുന്നു. റൊണാൾഡോക്ക് താൻ വരച്ച ചിത്രം ഫാത്തിമ സമ്മാനിക്കുകയും താരം വാത്സല്യത്തോടെ അവളെ പുണരുകയും ചുംബിക്കുകയും എല്ലാം ചെയ്‌തിരുന്നു.

ഇറാനിൽ നിന്നുള്ള ചില മാധ്യമങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ട് ചെയ്‌തത്‌ ഈ സംഭവത്തിൽ റൊണാൾഡൊക്കെതിരെ നടപടി ഉണ്ടാകുമെന്നാണ്. ഇറാനിലെ നിയമപ്രകാരം അന്യസ്ത്രീകളുടെ ദേഹത്ത് സ്പർശിക്കുന്നത് കുറ്റകരമാണ് എന്നതിനാൽ റൊണാൾഡൊക്കെതിരെ ഒരു കൂട്ടം അഡ്വക്കേറ്റ്സ് പരാതി നൽകിയിട്ടുണ്ടെന്നും ഇത് കാരണം താരത്തിന് ഇറാനിലേക്ക് വരാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഇറാനിലേക്ക് വന്നാൽ റൊണാൾഡോ അറസ്റ്റ് ചെയ്യപ്പെടുമെന്നും താരത്തിന് 99 ചാട്ടവാറടി ശിക്ഷയായി ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാനിയൻ ക്ലബിനോട് മത്സരം വരാൻ സാധ്യതയുള്ളതിനാലാണ് റൊണാൾഡോ ആരാധകർ ഇക്കാര്യത്തിൽ ആശങ്കപ്പെട്ടത്. എന്നാൽ താരത്തിനെതിരെ യാതൊരു വിധത്തിലുള്ള നീക്കത്തിനും ഇറാൻ ഒരുങ്ങുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് ആ രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ പ്രതികരിച്ചത്.

സ്പെയിനിലെ ഇറാനിയൻ എംബസിയാണ് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ ഇറാനിയൻ കോടതിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വിധി ഉണ്ടായിട്ടുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് അവർ വ്യക്തമാക്കുന്നു. റൊണാൾഡോയും താരത്തിന്റെ ആരാധികയും തമ്മിലുള്ള കൂടിക്കാഴ്‌ച മാനുഷിക തലത്തിൽ നിന്നുള്ള ഒന്നാണെന്നും അതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും രാജ്യത്തെ കായികവിഭാഗവും അതിനെ പ്രകീർത്തിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

ഇറാനിൽ മേൽപ്പറഞ്ഞ പോലെയുള്ള കർശനമായ നിയമങ്ങൾ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതിൽ സംശയമില്ല. എന്നാൽ റൊണാൾഡോയെപ്പോലൊരു താരത്തിന് മുന്നിൽ ആ നിയമങ്ങൾ അവർ മനഃപൂർവം മറന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സമാനമായ രീതിയിൽ അല്ലെങ്കിലും സൗദിയിലെ ഒരു നിയമവും റൊണാൾഡോക്ക് മുന്നിൽ കണ്ണടച്ചിട്ടുണ്ട്. വിവാഹം കഴിയാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുക സൗദിയിൽ വലിയ തെറ്റാണെന്നിരിക്കെയാണ് വിവാഹം കഴിയാത്ത റൊണാൾഡോയും ജോർജിന്യോയും സൗദിയിൽ ഒരുമിച്ച് താമസിക്കുന്നത്.

Iran Deny Reports About Court Ruling Against Ronaldo