ബാലൺ ഡി ഓറിനു യാതൊരു പ്രാധാന്യവും നൽകുന്നില്ല. ഒരു താരവും ഒറ്റക്കൊന്നും നേടുന്നില്ലെന്ന് ടോണി ക്രൂസ് | Kroos

ഫുട്ബോൾ ലോകത്തെ സമുന്നതമായ പുരസ്‌കാരങ്ങളിൽ ഒന്നാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ പുരസ്‌കാരം. ഫുട്ബോൾ താരങ്ങളിൽ ബഹുഭൂരിഭാഗം പേർക്കും ബാലൺ ഡി ഓർ സ്വന്തമാക്കാനുള്ള ആഗ്രഹം ഉണ്ടാകും. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഈ മാസം അവസാനം പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ തവണ ബെൻസിമ സ്വന്തമാക്കിയ ബാലൺ ഡി ഓറിനു ഇത്തവണ ലയണൽ മെസിക്കാണ് സാധ്യത കൂടുതൽ.

അതിനിടയിൽ ബാലൺ ഡി ഓർ പുരസ്‌കാരത്തോട് തനിക്ക് യാതൊരു താൽപര്യവും ഇല്ലെന്നു വ്യക്തമാക്കി റയൽ മാഡ്രിഡ് താരമായ ടോണി ക്രൂസ് രംഗത്തു വന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാലൺ ഡി ഓർ ഒരു വിശിഷ്ടമായ പുരസ്‌കാരം ആണെന്നു സമ്മതിച്ച ക്രൂസ് പക്ഷെ അതിനു വലിയ പ്രാധാന്യം താൻ നൽകുന്നില്ലെന്നാണ് വ്യക്തമാക്കിയത്. അതിന്റെ കാരണവും ക്രൂസ് കഴിഞ്ഞ ദിവസം പറഞ്ഞു.

“അത് വിശേഷപ്പെട്ട പുരസ്‌കാരമാണ്, പക്ഷെ വളരെ പ്രാധാന്യമുള്ള ഒന്നല്ല. അതാണ് വലിയൊരു വ്യത്യാസം. ഞാൻ കരുതുന്നത് എന്താണെന്നു വെച്ചാൽ ആ പുരസ്‌കാരം പ്രാധാന്യം നിറഞ്ഞതാണെന്ന് ഞാനൊരിക്കലും കരുതുന്നില്ല, അല്ലെങ്കിൽ മറ്റുള്ള കളിക്കാർ കരുതുന്ന അത്രയും പ്രധാനമാണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു കളിക്കാരനും ഒറ്റക്ക് നിന്നുകൊണ്ട് യാതൊരു നേട്ടവും സ്വന്തമാക്കുന്നില്ല.” കഴിഞ്ഞ ദിവസം ടോണി ക്രൂസ് മാധ്യമങ്ങളോട് പറഞ്ഞു.

കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ് ടോണി ക്രൂസ്. അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അതിനു പുറമെ ലാ ലിഗയും സ്വന്തമാക്കിയ താരം മൂന്നു തവണ ജർമൻ ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. ജർമനിക്കൊപ്പം 2014 ലോകകപ്പ് ഉയർത്താനും ക്രൂസിനു കഴിഞ്ഞു. നിലവിൽ റയൽ മാഡ്രിഡിൽ കളിച്ചു കൊണ്ടിരിക്കുന്ന താരം സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ്.

അതേസമയം ക്രൂസിന്റെ വാക്കുകളോട് ചേർന്ന് നിൽക്കുന്ന പ്രതികരണമാണ് അവാർഡുകൾ വാങ്ങുന്ന സമയത്ത് ലയണൽ മെസി നടത്താറുള്ളതെന്നു ശ്രദ്ധേയമാണ്. മിക്കവാറും അവാർഡുകൾ വാങ്ങുന്ന സമയത്ത് ഈ അവാർഡ് തനിക്ക് ലഭിക്കാൻ സഹതാരങ്ങളും കാരണമാണെന്ന് മെസി ആവർത്തിക്കാറുണ്ട്. മെസിയെപ്പോലെ പ്രതിഭയുള്ള, മൈതാനത്ത് മാന്ത്രികത കാണിക്കുന്ന ഒരു താരത്തിന് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ ആവർത്തിച്ചു ലഭിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.

Toni Kroos Says Ballon Dor Not Important To Him