ടീം ഫോട്ടോഗ്രാഫറായി ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഇവാനാശാൻ, പകർത്തിയത് വിദേശതാരത്തിന്റെ കിടിലൻ ചിത്രം | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു മത്സരത്തിലും വിജയം നേടി. ബെംഗളൂരു എഫ്‌സിക്കെതിരെയും ജംഷഡ്‌പൂരിനെതിരെയും നടന്ന മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയപ്പോൾ മുംബൈ സിറ്റിക്കെതിരെയാണ് ടീം പരാജയം നേരിട്ടത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിലെ രണ്ടു താരങ്ങൾ വരുത്തിയ പിഴവുകളിൽ നിന്നും വഴങ്ങിയ രണ്ടു ഗോളുകളാണ് മത്സരത്തിൽ തോൽവി വഴങ്ങാൻ കാരണമായത്.

ഈ സീസണിലെ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിടാനുള്ള തീരുമാനം എടുത്തതിനു ലഭിച്ച വിലക്കാണ് ഇവാനെ മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ അടുത്ത മത്സരം കൂടി ഇവാന് പുറത്തിരിക്കേണ്ടി വരും.

മത്സരത്തിനിടയിൽ മൈതാനത്തെ ഡഗ് ഔട്ടിൽ ഇവാൻ വുകോമനോവിച്ച് ഇല്ലെങ്കിലും പരിശീലന സെഷനിൽ ടീമിന് ഊർജ്ജം നൽകി അദ്ദേഹം സജീവമാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ അക്കൗണ്ടിൽ നിന്നും ഇവാന്റെ ഒരു ചിത്രം ഷെയർ ചെയ്‌തിരുന്നു. ടീമിന്റെ ഒഫിഷ്യൽ ഫോട്ടോഗ്രാഫറുടെ ക്യാമറ വാങ്ങി ചിത്രം പകർത്തുന്ന ഇവാന്റെ ചിത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഷെയർ ചെയ്‌തത്‌. ജപ്പാനിൽ നിന്നും വന്ന താരമായ ഡൈസുകെയുടെ മനോഹരമായ ചിത്രമാണ് ആശാൻ പകർത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മൂന്നാമത്തെ സീസൺ പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഇവാൻ വുകോമനോവിച്ച് മികച്ച ഒരു പരിശീലകൻ എന്നതിനൊപ്പം ടീമിലെ താരങ്ങളെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ്. ഇവാൻ വുകോമനോവിച്ചിന്റെ ഇടപെടലുകളെ വാഴ്ത്തി നിലവിൽ ടീമിലുള്ളതും ടീമിൽ നിന്നും പോയതുമായ നിരവധി താരങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഓരോ സീസണിലും ടീമിനെ കെട്ടുറപ്പോടെ നിലനിർത്താൻ അദ്ദേഹത്തിന്റെ ഈ ഇടപെടലുകൾ സഹായിക്കുന്നു.

ഒക്ടോബർ ഇരുപത്തിയൊന്നിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കൊച്ചിയിലെ മൈതാനത്തു വെച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ആ മത്സരത്തിൽ കൂടി അദ്ദേഹം വിലക്ക് കാരണം പുറത്തിരിക്കേണ്ടി വരും. അതിനു ശേഷം കൊച്ചിയിൽ തന്നെ നടക്കുന്ന ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിലാണ് ഇവാൻ ടീമിനെ നയിക്കാനെത്തുക. ആശാന്റെ തിരിച്ചുവരവിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Kerala Blasters Shared Photo Of Ivan Vukomanovic As A Photographer