റൊണാൾഡോയുടെ ജീവിതത്തിൽ അസാധ്യമായതൊന്നുമില്ല, പോർട്ടോ പ്രസിഡന്റിന്റെ ബെറ്റിനു തയ്യാറാണെന്ന് താരം | Ronaldo

റെക്കോർഡുകളുടെ കളിത്തോഴനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുദ്ധിമുട്ടേറിയ ഒരു ബാല്യകാലത്തിൽ നിന്നും തന്റെ ഇച്ഛാശക്തി കൊണ്ട് ഉയർന്നു വന്നു ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം എന്ന നിലയിലേക്ക് ഉയർന്ന താരം മുപ്പത്തിയെട്ടാം വയസിലും തന്റെ ഹീറോയിക് പ്രകടനം തുടർന്നു വരികയാണ്. യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത റൊണാൾഡോ ക്ലബിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്നു.

കഴിഞ്ഞ ദിവസം പോർച്ചുഗൽ ടീമിനൊപ്പം യൂറോ കപ്പ് യോഗ്യത മത്സരത്തിനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകളാണ് ടീമിനായി നേടിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയം നേടിയ മത്സരത്തിൽ താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. വിജയത്തോടെ യൂറോ കപ്പിന് യോഗ്യത ഉറപ്പിക്കാനും താരത്തിന് കഴിഞ്ഞു. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗൽ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരവും ക്രിസ്റ്റ്യാനോ തന്നെയാണ്.

മത്സരത്തിലെ ഇരട്ടഗോളുകളോടെ ദേശീയ ടീമിന് വേണ്ടി 125 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താരം കരിയർ ഗോളുകളുടെ എണ്ണം 857 ആക്കിയും വർധിപ്പിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടു വയസായ റൊണാൾഡോ കരിയറിന്റെ അവസാന കാലഘട്ടത്തിൽ ആണെങ്കിലും ഇപ്പോഴും തനിക്ക് അസാധ്യമായത് ഒന്നുമില്ലെന്ന വിശ്വാസത്തോടെയാണ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം പോർട്ടോ പ്രസിഡന്റ് മുന്നോട്ടു വെച്ച 1000 ഗോളുകളെന്ന ബെറ്റിനു താരം സമ്മതം മൂളിയിരുന്നു.

“അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, എന്നാൽ അതെന്റെ മനസികാവസ്ഥയെയും മുന്നോട്ടു പോകാനുള്ള പ്രചോദനത്തെയും അടിസ്ഥാനമാക്കിയിരിക്കും. ശാരീരികപരമായി നല്ല അവസ്ഥയിൽ ആണെങ്കിൽ, എന്റെ കാലുകളെ ഞാൻ നോക്കുന്നതു പോലെ അവർ എന്നെയും നന്നായി നോക്കിയാൽ നമുക്ക് നോക്കാം. ഇത് ചെറിയ ചുവടുവെപ്പുകളാണ്. ആയിരം ഗോളുകളിലേക്ക് എത്തണമെങ്കിൽ നിങ്ങൾ തൊള്ളായിരം ഗോളുകൾ ആദ്യം നേടണം. അവിടേക്ക് എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” റൊണാൾഡോ പറഞ്ഞു.

യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് കുറച്ചുകൂടി അനായാസമായി കളിക്കാവുന്ന സൗദി പ്രൊ ലീഗിലാണ് ഇപ്പോഴുള്ളത് എന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തൊള്ളായിരം ഗോളുകളെന്ന നേട്ടത്തിലേക്ക് അനായാസം എത്താൻ കഴിയുമെന്നതിൽ സംശയമില്ല. അടുത്ത ലോകകപ്പിൽ പോർചുഗലിനായി ഇറങ്ങാനാണ് റൊണാൾഡോയുടെ ലക്‌ഷ്യം എന്നതിനാൽ അതുവരെ കളിച്ച് ആയിരം ഗോളുകളെന്ന റെക്കോർഡ് താരം സ്വന്തമാക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

Cristiano Ronaldo Target 1000 Career Goals