നാല് വർഷത്തിനിടയിലെ 51 മത്സരങ്ങളിൽ ഒരു തോൽവി മാത്രം, അവിശ്വസനീയം സ്‌കലോണിപ്പടയുടെ കുതിപ്പ് | Argentina

2014 ലോകകപ്പിൽ ഫൈനൽ കളിച്ചെങ്കിലും 2018 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് അർജന്റീന എത്തിയത് വളരെ ബുദ്ധിമുട്ടിയായിരുന്നു. ഐസ്‌ലാൻഡിനോട് സമനിലയും ക്രൊയേഷ്യയോട് വലിയ തോൽവിയും വഴങ്ങിയ അർജന്റീന നൈജീരിയക്കെതിരെ നടന്ന മത്സരത്തിൽ അവസാന മിനുട്ടിൽ മാർക്കോസ് റോഹോ നേടിയ ഗോളിൽ വിജയം നേടിയാണ് പ്രീ ക്വാർട്ടറിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ പൊരുതിയെങ്കിലും ഫ്രാൻസിനോട് തോൽവി വഴങ്ങി അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായി.

2018 ലോകകപ്പിന് ശേഷം ഒരുപാട് കളിയാക്കലുകൾ അർജന്റീന ഏറ്റുവാങ്ങുകയുണ്ടായി. തലകുനിച്ച് മടങ്ങേണ്ടി വന്ന ലയണൽ മെസിക്ക് ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടാകുമോ എന്ന ആശങ്കയും ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ആ ലോകകപ്പിന് ശേഷം പരിശീലകനായി എത്തിയ ലയണൽ സ്‌കലോണി ടീമിന്റെ തലവര തന്നെ മാറ്റിയെടുത്തു. ഏവരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന ഒരു ടീമിൽ നിന്നും ഇപ്പോൾ എല്ലാവരും ഭയക്കുന്ന ഒരു ടീമായി അർജന്റീന മാറിയിട്ടുണ്ട്.

2018 ലോകകപ്പിന് ശേഷം മെക്‌സിക്കോക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് അർജന്റീന ടീമിന്റെ മുഖ്യപരിശീലകനായി സ്‌കലോണി മാറുന്നത്. അതിനു ശേഷം വെനസ്വലക്കെതിരെ നടന്ന ഒരു സൗഹൃദമത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന പിന്നാലെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബിയയോട് തോൽവി വഴങ്ങിയെങ്കിലും അടുത്ത റൗണ്ടിലേക്ക് മുന്നേറി. സെമി വരെയെത്തിയ ടീം പക്ഷെ ബ്രസീലിനോട് തോൽവി വഴങ്ങി പുറത്തു പോവുകയും ചെയ്‌തു.

അതിനു ശേഷം അർജന്റീന ടീമിന്റെ കുതിപ്പ് അത്ഭുതപ്പെടുത്തുന്ന രീതിയിലാണെന്നതിൽ യാതൊരു സംശയവുമില്ല. 2019 ജൂലൈ മൂന്നിന് നടന്ന ആ മത്സരത്തിന് ശേഷം ഇതുവരെ അൻപത്തിയൊന്നു മത്സരങ്ങളിലാണ് അർജന്റീന കളത്തിലിറങ്ങിയത്. ആ മത്സരത്തിന് ശേഷം നാല് വർഷത്തിലധികം പിന്നിട്ടെങ്കിലും ഒരേയൊരു ടീമിന് മാത്രമാണ് അർജന്റീനയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നത്. അത് കഴിഞ്ഞ ലോകകപ്പിൽ സൗദി അറേബ്യയായിരുന്നു.

ഈ അൻപത്തിയൊന്നു മത്സരങ്ങളിൽ ബ്രസീലിനെതിരായ ഒരു മത്സരം ഏതാനും മിനുട്ടുകൾ കളിച്ചെങ്കിലും ഉപേക്ഷിക്കുകയുണ്ടായി. എന്നാൽ തുടർച്ചയായ നാല് വർഷങ്ങളിൽ ഒരു മത്സരം മാത്രം തോൽക്കുകയെന്നത് അത്ഭുതപ്പെടുത്തുന്ന ഒരു റെക്കോർഡ് തന്നെയാണ്. സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയത് ടീമിനൊരു ഞെട്ടലായിരുന്നെങ്കിലും അതിനെ മറികടന്ന് പൊരുതിയ അർജന്റീന ലോകകപ്പ് കിരീടവും സ്വന്തമാക്കി.

ഈ നാല് വർഷത്തെ അവിശ്വസനീയ കുതിപ്പിൽ മൂന്നു സുപ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ അർജന്റീന ടീമിന്റെ മികവ് ഇപ്പോഴും തുടരുകയാണ്. ലോകകപ്പ് കഴിഞ്ഞതിനു ശേഷം ഏഴു മത്സരങ്ങൾ അർജന്റീന കളിച്ചപ്പോൾ അതിൽ ഒരെണ്ണത്തിൽ പോലും എതിരാളികൾക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. എതിരാളികൾക്ക് യാതൊരു പഴുതും അനുവദിക്കാതെയാണ് അർജന്റീന മുന്നേറുന്നതെന്ന് വ്യക്തം. ഈ കുതിപ്പ് തുടർന്നാൽ അടുത്ത കോപ്പ അമേരിക്കയും അർജന്റീനക്ക് സ്വന്തമാക്കാൻ കഴിയും.

Argentina Only Lost One Match In Four Years