ആരാധകരെ വിഡ്ഢികളാക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ്, കഴിഞ്ഞ സീസണിൽ നൽകിയ മോഹനവാഗ്‌ദാനങ്ങൾ എവിടെ | ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസൺ വളരെ സംഭവബഹുലമായാണ് അവസാനിച്ചത്. പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടിയ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപ് സുനിൽ ഛേത്രി എടുത്ത ഫ്രീകിക്ക് ഗോളായി മാറുകയും അത് റഫറി അനുവദിക്കുകയും ചെയ്‌തതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടിരുന്നു. അതിനെത്തുടർന്ന് ലീഗിലെ റഫറിമാരുടെ നിലവാരത്തെപ്പറ്റി വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയർന്നത്.

അതിനു ശേഷം നടന്ന ഫൈനലിലും റഫറിയുടെ പിഴവുകൾ ആവർത്തിച്ചു. ബെംഗളൂരു മോഹൻ ബാഗാനോട് തോൽക്കാനുള്ള കാരണം തന്നെ റഫറി വരുത്തിയ വമ്പൻ പിഴവുകൾ ആയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടു വരണമെന്ന ആവശ്യം വലിയ രീതിയിൽ ഉയരുകയുണ്ടായി. പ്രതിഷേധം ശക്തമായതോടെ ബെൽജിയത്തിലും മറ്റും ഉപയോഗിക്കുന്ന വാർ ലൈറ്റ് സംവിധാനം ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവരുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് അറിയിച്ചിരുന്നു.

ഈ സീസൺ തുടങ്ങി രണ്ടു റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ റഫറിമാരുടെ പിഴവുകളെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ എഐഎഫ്എഫ് നൽകിയ വാഗ്‌ദാനം ഒന്നുമാവാതെ നിൽക്കുകയാണ്. വീഡിയോ റഫറിയിങ് സംവിധാനം ഇതുവരെയും ഇന്ത്യൻ സൂപ്പർ ലീഗിൽ ഏർപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അതിനെക്കുറിച്ച് ഇതുവരെയും അപ്ഡേറ്റുകൾ ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞ സീസണിൽ നൽകിയ വാഗ്‌ദാനം അതു മാത്രമായി നിലനിൽക്കുകയാണ്.

വീഡിയോ റഫറിയിങ് സംവിധാനം കൃത്യമായി നടപ്പിലാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ നിലവാരവും വർധിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള യാതൊരു വിധത്തിലുള്ള നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആരാധകരുടെ പ്രതിഷേധത്തിന് യാതൊരു മൂല്യവും നൽകാതെ നിലവിലുള്ള രീതിയിൽ തന്നെ ശരാശരി നിലവാരത്തിൽ ടൂർണമെന്റ് മുന്നോട്ടു കൊണ്ടുപോകാനാണ് അധികൃതർ ഉദ്ദേശിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനത്തിന്റെ ഏറ്റവും ലളിതമായ രൂപം നടപ്പിലാക്കാൻ തന്നെ വലിയ രീതിയിലുള്ള ചിലവാണ് വരുന്നത്. ഒരു മത്സരത്തിൽ ഈ സംവിധാനം ഏർപ്പെടുത്താൻ പതിനഞ്ചു ലക്ഷം രൂപയോളം ചിലവാണ്. അതുകൊണ്ടാണ് ഇതിൽ ഐഎസ്എൽ അധികൃതർ മുന്നോട്ടു പോകാത്തതെന്നാണ് കരുതേണ്ടത്. എന്നാൽ ക്രിക്കറ്റിൽ നിന്നും കോടികൾ കൊയ്യുന്ന ഒരു രാജ്യം ഫുട്ബോളിന്റെ കാര്യത്തിൽ പുറകോട്ടു പോകുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.

No Developments Of VAR Lite In ISL