ന്യൂകാസിൽ യുണൈറ്റഡുമായുള്ള കരാറിൽ രഹസ്യ ഉടമ്പടി, ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ലക്‌ഷ്യം ബാഴ്‌സലോണ ട്രാൻസ്‌ഫർ | Barcelona

സമീപകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ സ്വന്തമാക്കിയ താരങ്ങളിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ഒരാളാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ബ്രൂണോ ഗുയ്മെറാസ്. ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നും വമ്പൻ തുക നൽകി ടീമിലെത്തിച്ച താരം കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്യാൻ ന്യൂകാസിലിനെ സഹായിച്ചു. ഡിഫെൻസിവ് മിഡ്‌ഫീൽഡറായി കളിക്കുന്ന താരം നാല് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് ടീമിനായി കഴിഞ്ഞ സീസണിൽ നേടിയത്.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ പ്രീമിയർ ലീഗിലെ വമ്പൻ ശക്തികളാകാനുള്ള ശ്രമം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡിന്റെ ഈ സീസണിലെ പദ്ധതികളിലും താരം പ്രധാനിയാണ്. അടുത്തിടെ ന്യൂകാസിൽ യുണൈറ്റഡുമായി താരം കരാർ പുതുക്കിയിരുന്നു. 2028 വരെയാണ് താരം പ്രീമിയർ ലീഗ് ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഈ കരാറിൽ തന്റെ പ്രിയപ്പെട്ട ക്ലബ് ഓഫർ നൽകിയാൽ ട്രാൻസ്‌ഫർ എളുപ്പമാകാനുള്ള ഒരു ഉടമ്പടി താരം ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ ഓഫറുമായി വന്നാൽ അവർക്ക് തന്നെ സ്വന്തമാക്കാനുള്ള വഴി എളുപ്പമാക്കാനാണ് ബ്രൂണോ ഉടമ്പടി ചേർത്തിരിക്കുന്നത്. ബാഴ്‌സലോണക്ക് എഴുപതു മില്യൺ യൂറോ നൽകിയാൽ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഉടമ്പടിയിലുള്ളത്. ഇരുപത്തിയഞ്ചു വയസുള്ള താരത്തെ സ്വന്തമാക്കാൻ അത് കുറഞ്ഞ തുകയാണ്. നാൽപ്പത്തിയഞ്ച് മില്യൺ യൂറോയിലധികം നൽകിയാണ് താരത്തെ ലിയോണിൽ നിന്നും ന്യൂകാസിൽ സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ വിശ്വസ്‌തനായ ഡിഫെൻസിവ് മിഡ്‌ഫീൽഡർ സെർജിയോ ബുസ്‌ക്വറ്റ്‌സിന് പകരമാകാൻ കഴിയുന്ന താരമാണ് ബ്രൂണോയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ താരത്തെ സ്വന്തമാക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയ്ക്ക് അതിനെ മറികടന്നാൽ മാത്രമേ വലിയ തുക നൽകി താരങ്ങളെ എത്തിക്കാൻ കഴിയൂ. ഫ്രീ ഏജന്റായ താരങ്ങളെയാണ് ബാഴ്‌സലോണ കൂടുതലും ടീമിലെത്തിക്കുന്നത്.

ന്യൂകാസിൽ യുണൈറ്റഡിനു വേണ്ടി ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന താരം പ്രീമിയർ ലീഗിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിലും ഒരു ഗോളിന് വഴിയൊരുക്കിയ താരം തന്റെ മികച്ച പ്രകടനം കൊണ്ട് ബ്രസീൽ ദേശീയ ടീമിലും സ്ഥിരസാന്നിധ്യമായി മാറാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രസീലും ബൊളീവിയയും തമ്മിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കിയ താരം ടീമിൽ സ്ഥിരസാന്നിധ്യമാകണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Bruno Guimaraes Have Secret Barcelona Clause In Newcastle Contract