മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനായില്ല, പ്രീമിയർ ലീഗ് എതിരാളികളെ വാങ്ങാൻ ഖത്തരി ബിസിനസ്‌മാൻ | Sheikh Jassim

ഖത്തരി ബിസിനസ്‌മാനായ ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഏറെ നാളുകളായി ശ്രമം നടത്തി വരികയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിന്റെ മുഴുവൻ ഓഹരികളും വാങ്ങാനുള്ള ബിഡ് അദ്ദേഹം നൽകിയിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അതിനു സമ്മതം മൂളിയിരുന്നില്ല. ആറു ബില്യൺ യൂറോയാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനായി വാഗ്‌ദാനം ചെയ്‌തത്‌. എന്നാൽ ക്ലബ് നേതൃത്വം അതിനു സമ്മതം മൂളിയില്ല.

ഇത്രയും വലിയ ഓഫർ നൽകിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അത് പരിഗണിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹം ക്ലബ്ബിനെ വാങ്ങാനുള്ള പദ്ധതിയിൽ നിന്നും ഉടനെ തന്നെ പിൻമാറുകയാണുണ്ടായത്. ഇതുവരെ നിരവധി ഓഫറുകൾ അദ്ദേഹം ക്ലബിനായി നൽകിയിരുന്നെങ്കിലും ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിച്ചില്ല. ഖത്തരി ബിസിനസ്‌മാന് ക്ലബ്ബിനെ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിന് താൽപര്യമില്ലാത്തതു പോലെയാണ് അവരുടെ ഇടപെടലുകൾ ഉണ്ടായിരിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും പിൻവലിഞ്ഞ ഷെയ്ഖ് ജാസിം പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബ്ബിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ പിഎസ്‌ജി ഉടമകളായ ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ടോട്ടനം ഹോസ്‌പറിൽ നിക്ഷേപം നടത്താൻ ഒരുങ്ങിയിരുന്നു. അതിൽ നിന്നും അവർ പിന്മാറിയതോടെ അവരെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഷെയ്ഖ് ജാസിം നടത്തുന്നത്.

നിലവിൽ സ്‌പർസ് ഉടമകളായ ഡാനിയൽ ലെവി ക്ലബിനായി വലിയൊരു ഓഫർ വന്നാൽ അത് പരിഗണിക്കാമെന്ന നിലപാടിലാണ് നിൽക്കുന്നത്. ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ താൽപര്യം വന്നപ്പോഴും അദ്ദേഹം ഇതേ നിലപാടാണ് സ്വീകരിച്ചത്. ടോട്ടനത്തെ ഷെയ്ഖ് ജാസിം ഏറ്റെടുത്താൽ അതവർക്ക് പുതിയൊരു കരുത്ത് നൽകും. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ക്ലബുകളിൽ ഒന്നാണ് ടോട്ടനമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

അതിനിടയിൽ ഷെയ്ഖ് ജാസിമിന്റെ ഓഫർ തള്ളിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇരുപത്തിയഞ്ചു ശതമാനം ഷെയറുകൾ ഇംഗ്ലീഷ് ബിസിനസ്‌മാൻ ജെയിംസ് റാറ്റ്ക്ലിഫ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി വരുന്നുണ്ട്. ഭാവിയിൽ ക്ലബ്ബിനെ മുഴുവൻ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇരുപത്തിയഞ്ചു ശതമാനം ഷെയറുകൾ ഏറ്റെടുക്കുന്നത്. എന്തായാലും ഗ്ലെസേഴ്‌സ് ഫാമിലി ക്ലബിന്റെ ഉടമകളായി തുടരുന്നതിൽ ആരാധകർ കടുത്ത അതൃപ്‌തിയിലാണ്.

Sheikh Jassim Eyes Tottenham Hotspur Takeover