ഇന്റർ മിയാമിയിലേക്ക് ഇനിയും വമ്പൻ താരങ്ങളെത്തും, പച്ചക്കൊടി കാണിച്ച് എംഎൽഎസും | Inter Miami

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. പിഎസ്‌ജി കരാർ അവസാനിച്ച സമയത്ത് ബാഴ്‌സലോണയിലേക്കോ അല്ലെങ്കിൽ യൂറോപ്പിലെ മറ്റേതെങ്കിലും വമ്പൻ ക്ലബ്ബിലേക്കോ താരം എത്തുമെന്നാണ് കരുതിയതെങ്കിലും ബാഴ്‌സലോണ ട്രാൻസ്‌ഫർ നടക്കില്ലെന്ന് ഉറപ്പായതോടെ ലയണൽ മെസി അമേരിക്കയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ മറ്റു ചില സൂപ്പർതാരങ്ങളും അവിടേക്ക് എത്തുകയുണ്ടായി. ലയണൽ മെസിയുടെ ബാഴ്‌സലോണ സഹതാരങ്ങളായിരുന്ന സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവർ താരത്തിനൊപ്പം തന്നെ ഇന്റർ മിയാമിയിലെത്തി. പുതിയ സീസണിന് മുന്നോടിയായി അടുത്ത സുഹൃത്തായ ലൂയിസ് സുവാരസും ഇന്റർ മിയാമിയിൽ ചേർന്നിട്ടുണ്ട്.

എന്നാൽ ഇതിലൊന്നും ഇന്റർ മിയാമി നിർത്താൻ സാധ്യതയില്ലെന്നും കൂടുതൽ സൂപ്പർ താരങ്ങൾ ക്ലബ്ബിലേക്ക് എത്തുമെന്നുമാണ് എംഎൽഎസ് കമ്മീഷണറായ ഡോൺ ഗാർബർ പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരം കളിക്കുന്നതിനാൽ തന്നെ എംഎൽഎസ് ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും കഴിഞ്ഞ വർഷങ്ങൾക്കിടെ ഉണ്ടാക്കിയ മുന്നേറ്റം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

ലൂയിസ് സുവാരസ് അടക്കം ഇന്റർ മിയാമി ലയണൽ മെസിയുടെ കൂടെ മുൻപ് കളിച്ചിരുന്ന താരങ്ങളെ സ്വന്തമാക്കിയത് മികച്ചൊരു നീക്കമായാണ് അദ്ദേഹം കരുതുന്നത്. കൂടുതൽ ആവേശവും കൂടുതൽ മികച്ച പ്രകടനവും ടീമിൽ നിന്നും ഉണ്ടാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രീ സീസണിൽ ഇന്റർ മിയാമിയുടെ പ്രകടനം മോശമായിരുന്നുവെന്നതാണ് യാഥാർഥ്യം.

നിലവിൽ അർജന്റീനിയൻ താരമായ ഫെഡറികോ റെൻഡണ്ടോയാണ് ഇന്റർ മിയാമിയുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങളുള്ള ഒരു പ്രധാന താരം. റയൽ മാഡ്രിഡ് കരാർ പുതുക്കുന്നില്ലെങ്കിൽ സീസണിനിടയിൽ ലൂക്ക മോഡ്രിച്ചും ക്ലബിലെത്താനുള്ള സാധ്യതയുണ്ട്. എന്തായാലും നാളെ നടക്കുന്ന മത്സരത്തോടെ ഇന്റർ മിയാമി ഈ വർഷത്തെ എംഎൽഎസ് സീസൺ ആരംഭിക്കാൻ പോവുകയാണ്.

Inter Miami To Sign More Superstars