ഇവാനാശാൻ പറഞ്ഞത് ടീം ചെയ്‌തിരിക്കും, ആരാധകരുടെ പിന്തുണ ഇപ്പോഴാണ് ആവശ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ | Kerala Blasters

പ്രതീക്ഷകളുടെ ഗോപുരത്തിൽ നിന്നും ആരാധകരെ താഴേക്ക് വലിച്ചെറിയുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഫോം. സീസണിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ പൂർണമായും തകർന്നടിഞ്ഞു പോകുന്നതാണ് കാണാൻ കഴിയുന്നത്. രണ്ടാം പകുതി ആരംഭിച്ചതിന് ശേഷം എല്ലാ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ദുരന്തസമാനമായ ഈ ഫോമിനെത്തുടർന്ന് ആരാധകർ ക്ലബ്ബിനെ കൈവിട്ടു തുടങ്ങിയിട്ടുണ്ട്. സൂപ്പർ കപ്പിലെ മത്സരമുൾപ്പെടെ തുടർച്ചയായ അഞ്ചു തോൽവികൾ ഏറ്റു വാങ്ങിയ ടീമിന് അടുത്ത മത്സരത്തിൽ പിന്തുണ നൽകാൻ തങ്ങളുണ്ടാകില്ലെന്നാണ് ഭൂരിഭാഗം ആരാധകരും സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകുന്നത്.

ഈ ഘട്ടത്തിൽ ആരാധകരെ തണുപ്പിക്കാനും വരുന്ന മത്സരങ്ങളിലും പിന്തുണ ഉറപ്പാക്കാനും ക്ലബ് നേതൃത്വം ശ്രമിക്കുന്നുണ്ട്. നേരത്തെ അഡ്രിയാൻ ലൂണയെ ഇറക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്ദേശം നൽകിയിരുന്നു. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് പ്രധാനമാണെന്നാണ് താരം പറഞ്ഞത്. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായ നിഖിലും ഇപ്പോൾ ആരാധകരെ തണുപ്പിക്കാൻ രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പറഞ്ഞത് മുൻപത്തേക്കാളുമധികം ഈ ടീമിന് ആരാധകരുടെ പിന്തുണ വേണ്ടത് ഈ സമയത്താണെന്നാണ്. ഈസ്റ്റ് ഗ്യാലറിയിൽ ആരാധകർക്കൊപ്പം ചാന്റ് ചെയ്യാനും പിന്തുണ നൽകാനും താനുമുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം കോച്ച് പറഞ്ഞത് പോലെ ആരാധകപിന്തുണ തുടർന്നാൽ ടീം ബാക്കി ചെയ്യുമെന്നും വ്യക്തമാക്കി.

അടുത്ത മത്സരത്തിൽ കേരളത്തിന് ആരാധകപിന്തുണ വളരെയധികം ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. കാരണം ടൂർണമെന്റിലെ പ്രധാന ടീമുകളിലൊന്നായ ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ നേരിടാൻ പോകുന്നത്. അതിലും വിജയം നേടാനായില്ലെങ്കിൽ ആരാധകരുടെ രോഷം വർധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Kerala Blasters Owner Asks For Fan Support