മാഞ്ചസ്റ്റർ സിറ്റിയുടെ പദ്ധതികളെ തകർത്തെറിയും, ആത്മവിശ്വാസത്തോടെ ഇന്റർ മിലാൻ താരം | Inter Milan

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം ഇന്ന് രാത്രി നടക്കാൻ പോവുകയാണ്. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും 2010നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനുമാണ് കളത്തിലിറങ്ങുന്നത്.

പ്രീമിയർ ലീഗ് കിരീടവും എഫ്എ കപ്പും നേടിയ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടനേട്ടത്തിനായി ഇറങ്ങുമ്പോൾ ഇറ്റാലിയൻ സൂപ്പർകപ്പ്, കോപ്പ ഇറ്റാലിയ എന്നീ കിരീടങ്ങൾ നേടിയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കമുണ്ടെങ്കിലും അവരെ തകർത്തെറിയാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മധ്യനിരതാരം ഹകൻ കലനോഗ്ലു പറയുന്നു.

“ഞങ്ങൾ ചില വിശകലനങ്ങൾ നടത്തിയിരുന്നു, ഞങ്ങളുടെ സ്വന്തം മത്സരം കളിക്കേണ്ടത് പ്രധാനമാണ്. ഭയമില്ലാതെ കളിക്കേണ്ടിയിരിക്കുന്നു, അവർ ആക്രമണം നടത്തിക്കൊണ്ടേയിരിക്കും. ഞങ്ങളെന്താണെന്ന് അവർക്ക് കാണിച്ചു കൊടുക്കുക തന്നെ ചെയ്യും. ഞങ്ങൾ പല മത്സരങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്, അവരുടെ പദ്ധതികളെ തകർക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” തുർക്കിഷ് താരം പറഞ്ഞു.

തുർക്കിയിലെ ഇസ്‌താംബൂളിലാണ് മത്സരം കളിക്കുന്നതെന്നത് തനിക്ക് വളരെ പ്രത്യേകതയുള്ള കാര്യമാണെന്നും അതിനാൽ തന്നെ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. തുർക്കിഷ് താരത്തിന്റെ വാക്കുകളെ ശരിവെച്ച ഇന്റർ മിലാൻ പരിശീലകനായ ഇൻസാഗി മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ മികച്ച ടീമാണെങ്കിലും തങ്ങൾക്കിത് ചരിത്രം കുറിക്കാനുള്ള അവസരമാണെന്നാണ് പറഞ്ഞത്.

Inter Milan Star Hope To Destroy Man City Game Play