മിന്നും ഗോളുകളുമായി അർജന്റീന താരങ്ങൾ, കോപ്പ ഇറ്റാലിയ കിരീടം നേടി ഇന്റർ മിലാൻ | Inter Milan
ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിലാൻ മറ്റൊരു കിരീടം കൂടി സ്വന്തമാക്കി. ഇറ്റാലിയൻ സൂപ്പർകപ്പ് നേടുകയും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുകയും ചെയ്തതിനു പിന്നാലെ കോപ്പ ഇറ്റാലിയ കിരീടമാണ് ഇന്റർ മിലാൻ സ്വന്തമാക്കിയത്. ഇന്നലെ നടന്ന ഫൈനലിൽ ഫിയോറെന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ കീഴടക്കിയത്. സീസണിൽ രണ്ടാമത്തെ കിരീടം നേടിയതോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ അവർക്ക് കഴിയും.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മിലാൻ വിജയം നേടിയ മത്സരത്തിൽ മൂന്നു ഗോളുകളും നേടിയത് അർജന്റീന താരങ്ങളായിരുന്നു എന്ന പ്രത്യേകതയുണ്ട്. ഖത്തർ ലോകകപ്പിൽ സ്ക്വാഡിൽ ഇടം നേടിയെങ്കിലും പരിക്ക് കാരണം അവസാന നിമിഷം ഒഴിവാക്കപ്പെട്ട മുന്നേറ്റനിര താരമായ നിക്കോളാസ് ഗോൺസാലസ് മൂന്നാം മിനുട്ടിൽ തന്നെ ഫിയോറെന്റീനയെ മുന്നിലെത്തിച്ചു. കോപ്പ ഇറ്റാലിയ ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളാണ് താരം നേടിയത്.
🎥 – Goal #Lautaro : WorldClass 🌟 pic.twitter.com/yuLgBGmMd3
— La Beneamata – La Beauté Nerazzurra (@Inter_Beneamata) May 24, 2023
എന്നാൽ ഫിയോറെന്റീനയുടെ ആഘോഷത്തിന് അധികം ആയുസുണ്ടായില്ല. അര മണിക്കൂർ തികയും മുൻപ് ഇന്റർ മിലാന്റെ ഹീറോയായി ലൗടാരോ മാർട്ടിനസ് ഇന്ററിനായി തിരിച്ചടിച്ചു. ഓഫ്സൈഡ് ട്രാപ്പ് മനോഹരമായി മറികടന്ന താരം കൃത്യതയുള്ള ഒരു ഫിനിഷിംഗിലൂടെയാണ് സമനില ഗോൾ നേടിയത്. അതിനു ശേഷം എട്ടു മിനുട്ട് കൂടി പിന്നിട്ടപ്പോൾ നിക്കോളോ ബാരല്ലയുടെ ക്രോസ് ഒരു അക്രോബാറ്റിക് ഫിനിഷിലൂടെ വലയിലെത്തിച്ച് ഇന്ററിന്റെ വിജയഗോളും താരം കുറിച്ചു.
Brozovic to Lautaro 🔥 pic.twitter.com/VL9zEpJy0w
— Brozholic (@Brozholic) May 24, 2023
മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത് ലൗടാരോ മാർട്ടിനസ് തന്നെയായിരുന്നു. ഫൈനലിൽ ഏറ്റുമുട്ടിയ രണ്ടു ടീമുകളും യൂറോപ്യൻ ടൂർണമെന്റ് ഫൈനൽ കളിക്കുന്നുണ്ട്. ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനലും ഫിയോറെന്റീന കോൺഫറൻസ് ലീഗ് ഫൈനലുമാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ഗോളടിച്ച അർജന്റീന താരങ്ങൾ സെമിയിൽ നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഈ ടീമുകൾ യൂറോപ്യൻ ഫൈനലിലേക്ക് കടക്കാൻ സഹായിച്ചത്.
Inter Milan Won Copa Italia Beating Fiorentina