ബ്രസീലിന്റെ സുൽത്താൻ ഇനി പ്രീമിയർ ലീഗിൽ, വലിയ സൂചന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ | Neymar

2017ൽ ബാഴ്‌സലോണ വിട്ട് റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്കു പക്ഷെ ആഗ്രഹിച്ചതു പോലെയൊരു കരിയർ അല്ല അവിടെ ലഭിച്ചത്. പരിക്കുകളും മൈതാനത്തു പുറത്തെ വിവാദങ്ങളും കാരണം പലപ്പോഴും തലവേദനയായി മാറിയ നെയ്‌മർക്കെതിരെ പലപ്പോഴും ആരാധകർ തിരിഞ്ഞെങ്കിലും ക്ലബ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല, എന്നാൽ ഈ സീസണിനു ശേഷം നെയ്‌മറെ വിൽക്കാൻ പിഎസ്‌ജി തയ്യാറെടുത്തു കഴിഞ്ഞിട്ടുണ്ട്.

ആരാധകർ തന്റെ വീടിനു മുന്നിലടക്കം പ്രതിഷേധം സംഘടിപ്പിച്ചതിനാൽ ക്ലബ് വിടാനാണ് ബ്രസീലിയൻ താരത്തിന്റെയും തീരുമാനം. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിനായി ശ്രമം നടത്തുന്നത്. ബ്രസീലിൽ നെയ്‌മറിന്റെ കൂടെ കളിക്കുന്ന കസമീറോ ഇതിനായി തന്റെ ബന്ധം ഉപയോഗിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും വലിയ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ഇന്ന് നടത്തിയ പ്രതികരണം ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. നെയ്‌മർ ക്ലബ്ബിലേക്ക് വരുമെന്ന അഭ്യൂഹങ്ങളെ ഒരു തരത്തിലും നിഷേധിക്കാതിരുന്ന ടെൻ ഹാഗ് അതിനേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങൾക്ക് നൽകിയ മറുപടി “ഞങ്ങൾക്ക് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളെ അറിയിക്കാം” എന്നായിരുന്നു.

നെയ്‌മർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നാൽ പ്രീമിയർ ലീഗിലും യൂറോപ്പിലും വലിയ ശക്തികളായി അവർ മാറുമെന്നതിൽ സംശയമില്ല. തന്റെ താരങ്ങളെ കൃത്യമായി എങ്ങിനെ ഉപയോഗിക്കണം എന്നറിയുന്ന എറിക് ടെൻ ഹാഗും ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പ്രതിഭയുള്ള താരങ്ങളിൽ ഒരാളായ നെയ്‌മറും ഒപ്പം ചേർന്നാൽ പഴയ പ്രതാപത്തിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ ചുവന്ന ചെകുത്താന്മാർക്ക് വളരെ എളുപ്പമാകും.

Erik Ten Hag Responds To Neymar Rumours