ഏഞ്ചൽ ഡി മരിയ മഞ്ഞപ്പടയുടെ ഭാഗമായേക്കും, അർജന്റീന താരത്തിനു വേണ്ടി അന്വേഷണം നടത്തി ജർമൻ ക്ലബ് | Angel Di Maria

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംഘം മഞ്ഞപ്പടയെന്നാണ് അറിയപ്പെടുന്നത്. അതുപോലെ തന്നെ യൂറോപ്പിൽ മറ്റൊരു മഞ്ഞപ്പടയുണ്ട്. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ആരാധകരാണ് യൂറോപ്പിലെ മഞ്ഞപ്പടയായി അറിയപ്പെടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും ആവേശമുള്ള ഫാൻ ബേസുകളിൽ ഒന്നായി അറിയപ്പെടുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ അതിന്റെ പേരിൽ ലോകമെമ്പാടും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

അർജന്റീനയുടെ ലോകകപ്പ് ഹീറോയായ ഏഞ്ചൽ ഡി മരിയ അടുത്ത സീസണിൽ ഈ മഞ്ഞപ്പടയുടെ മുൻപിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഈ സീസണോടെ യുവന്റസ് കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ സാധ്യതയുണ്ടെന്നാണു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ യുവന്റസ് പോയിന്റ് നഷ്‌ടമായി യൂറോപ്യൻ യോഗ്യതക്കും പുറത്തേക്ക് പോയതോടെ താരം കരാർ പുതുക്കാനുള്ള സാധ്യതകൾ കുറഞ്ഞു.

ഈ അവസരത്തിൽ ഡി മരിയയെ സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള അവസരമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിനുള്ളത്. ഈ സീസണിൽ ഒരു മത്സരം ബാക്കി നിൽക്കെ ജർമൻ ലീഗ് നേടുന്നതിനു തൊട്ടരികിലാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. അടുത്ത മത്സരം വിജയിച്ചാൽ ലീഗ് അവർ സ്വന്തമാക്കും.

ഡി മരിയയെപ്പോലെ പരിചയസമ്പന്നനായ ഒരു താരത്തെ സ്വന്തമാക്കുന്നത് അടുത്ത സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മികവ് വർധിക്കാൻ കാരണമാകും. യൂറോപ്യൻ യോഗ്യതയുള്ള ഒരു ക്ലബിൽ കളിക്കുന്നത് ഡി മരിയക്കും ഗുണമാണ്. 2024ൽ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനിരിക്കെ അതിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഡി മരിയക്കുണ്ട്. അതിനുള്ള സാധ്യത വർധിപ്പിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് ട്രാൻസ്‌ഫറിലൂടെ കഴിയും.

Borussia Dortmund Contacted Angel Di Maria