മെസിക്ക് ഗോളവസരങ്ങൾ ഒരുക്കി നൽകാൻ ആൽബയുണ്ടാകില്ല, ബാഴ്‌സലോണ വിടാൻ തീരുമാനിച്ച് സ്‌പാനിഷ്‌ താരം | Jordi Alba

ബാഴ്‌സലോണ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കാര്യമാണ് ലയണൽ മെസിയുടെ ക്ലബിലേക്കുള്ള തിരിച്ചുവരവ്. രണ്ടു സീസണുകൾക്ക് മുൻപ് ക്ലബ് വിട്ട ലയണൽ മെസി തന്റെ പിഎസ്‌ജി കരാർ അവസാനിച്ചതോടെ ബാഴ്‌സയിലേക്ക് തിരിച്ചു പോകാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയാണ്. ബാഴ്‌സലോണയും താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തിൽ ലാ ലിഗയുടെ അനുമതി ലഭിച്ചിട്ടില്ല.

ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾക്ക് അടിത്തറ പാകാനാണോ എന്നറിയില്ല, ഈ സീസണിനു ശേഷം ജോർദി ആൽബ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായിരുന്ന ജോർദി ആൽബ പുറത്തു പോകുന്നതോടെ ലയണൽ മെസി തിരിച്ചു വരാനുള്ള സാധ്യത വർധിക്കും. നേരത്തെ കരാർ അവസാനിക്കുന്ന ബുസ്‌ക്വറ്റ്‌സും ക്ലബ് വിടുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

പതിനൊന്നു വർഷത്തിനു ശേഷമാണ് ജോർഡി ആൽബ ക്ലബ് വിടുന്നത്. 2012ൽ വലൻസിയയിൽ നിന്നും ക്ലബിലെത്തിയ താരം അതിനു ശേഷം ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ക്ലബിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറി. എന്നാൽ ഈ സീസണിൽ അലസാന്ദ്രോ ബാൾഡെ മികച്ച പ്രകടനം നടത്തി ഉയർന്നു വന്നതോടെ ജോർദി ആൽബെക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. ഒരു വർഷം കരാർ ബാക്കിയുണ്ടെങ്കിലും അതിൽ നൽകാനുള്ള പ്രതിഫലം ത്യജിച്ചു കൊണ്ട് ക്ലബ് വിടാനൊരുങ്ങുന്ന ആൽബ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ലയണൽ മെസിയും ആൽബയും തമ്മിലുള്ള ഒത്തിണക്കം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ്. അതുകൊണ്ടു തന്നെ ലയണൽ മെസി തിരിച്ചെത്തുമ്പോൾ ആൽബ ക്ലബിലുണ്ടാകില്ലെന്നത് ആരാധകർക്ക് ചെറിയൊരു വിഷമമാണ്. അതേസമയം മെസി തിരിച്ചു വരുമെന്നുറപ്പായാൽ ക്ലബിനൊപ്പം തുടരുമെന്ന് തീരുമാനിച്ച ആൽബയും ബുസ്‌ക്വറ്റ്‌സും വിടവാങ്ങുന്നത് ആരാധകർക്ക് ചെറിയൊരു ആശങ്കയും സമ്മാനിക്കുന്നുണ്ട്.

ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിൽ ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

Jordi Alba To Leave Barcelona This Summer