“നിങ്ങൾ കൂക്കി വിളിച്ചാൽ മെസിയെ പ്രീമിയർ ലീഗിലെത്തിക്കും”- പിഎസ്‌ജി ആരാധകർക്ക് മുന്നറിയിപ്പ് | Lionel Messi

ഫ്രാൻസിൽ ലയണൽ മെസിയുടെ കരിയർ ഈ സീസണോടെ അവസാനിക്കുമെന്ന കാര്യം തീർച്ചയായിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ മെസിയുടെ അർജന്റീന ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയതോടെ മെസിക്കെതിരെ തിരിഞ്ഞ ഒരു വിഭാഗം ആരാധകർ പല മത്സരങ്ങളിലും താരത്തെ കൂക്കി വിളിക്കുകയുണ്ടായി. ലയണൽ മെസി സൗദി സന്ദർശനം നടത്തിയതിന്റെ പേരിൽ പ്രതിഷേധം വർധിപ്പിച്ച അവർ പിഎസ്‌ജി ആസ്ഥാനത്ത് മെസിയെ പുറത്താക്കാൻ വേണ്ടി മുദ്രാവാക്യം ഉയർത്തുകയും ചെയ്‌തു.

പിഎസ്‌ജി ആരാധകരുടെ ഈ സമീപനമാണ് ക്ലബിനൊപ്പം ഇനി തുടരുന്നില്ലെന്ന തീരുമാനം മെസി ഉറപ്പിക്കാൻ കാരണമായത്. അതിനിടയിൽ ഫ്രാൻസിലെ ആരാധകർക്ക് മുന്നറിയിപ്പുമായി ലയണൽ മെസിയുടെ അർജന്റീന സഹതാരമായ എമിലിയാനോ മാർട്ടിനസ് രംഗത്തു വന്നിട്ടുണ്ട്. നിങ്ങൾ കൂക്കി വിളിക്കുന്നത് തുടർന്നാൽ ഈ സീസണിന് ശേഷം ലയണൽ മെസിയെ തന്റെ പ്രതിഫലം വെട്ടിക്കുറച്ചും ആസ്റ്റൺ വില്ലയിൽ എത്തിക്കുമെന്നാണ് എമിലിയാനോ പറഞ്ഞത്.

“പിഎസ്‌ജി ആരാധകർ മെസിയെ കൂക്കി വിളിക്കുന്നത് തുടർന്നാൽ ഞാൻ താരത്തെ ആസ്റ്റൺ വില്ലയിലേക്ക് കൊണ്ടു വരും. ഇവിടേക്ക് വരൂ, ഞാൻ നിങ്ങൾക്ക് മേറ്റും ബാർബിക്യൂവും എല്ലാ ആഴ്‌ചയിലും ഉണ്ടാക്കി നൽകാം. ആളുകൾ നിങ്ങൾക്കായി ചെറിയ പതാകകൾ ഉണ്ടാകും. എന്റെ പ്രതിഫലം ഞാൻ മെസിയെ എത്തിക്കുന്നതിനു വേണ്ടി വെട്ടിക്കുറക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും.” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

അടുത്ത സീസണിൽ യുവേഫ കോൺഫറൻസ് ലീഗിന് യോഗ്യത നേടാൻ ലീഗിൽ ഇനി ബാക്കിയുള്ള ഒരു മത്സരം വിജയിച്ചാൽ ആസ്റ്റൺ വില്ലക്ക് കഴിയും. എമറിയുടെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ക്ലബ് ടീമിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം അടുത്ത സീസണിൽ എമിലിയാനോ വില്ലയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹമുള്ള താരത്തിനായി നിരവധി വമ്പൻ ക്ലബുകൾ രംഗത്തുണ്ട്.

Emiliano Martinez Try To Bring Lionel Messi To Aston Villa