വിജയഗോൾ നേടിയതിനു ശേഷം സുജൂദ് നിസ്‌കാരം നടത്തി റൊണാൾഡോ, പ്രശംസയുമായി സൗദിയിലെ ആരാധകർ | Cristiano Ronaldo

സൗദി പ്രൊഫെഷണൽ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന അൽ നസ്ർ മൂന്നു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടിയപ്പോൾ അതിൽ ടീമിന്റെ വിജയമുറപ്പിച്ച മൂന്നാമത്തെ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വകയായിരുന്നു. രണ്ടു താരങ്ങളെ നിഷ്പ്രയാസം മറികടന്നതിനു ശേഷം ബോക്‌സിനു പുറത്തു നിന്നും ഉതിർത്ത ഷോട്ടിലൂടെയാണ് റൊണാൾഡോ ടീമിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ഗോളാഘോഷമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗോളുകൾ നേടിയാൽ സാധാരണ തന്റെ സ്ഥിരം സെലിബ്രെഷനായ ‘സിയൂ’ റൊണാൾഡോ പുറത്തെടുക്കാറുണ്ട്. ഇന്നലത്തെ ഗോളിന് ശേഷം ആ സെലിബ്രെഷൻ നടത്തിയ റൊണാൾഡോ അതിനു ശേഷം സുജൂദ് നിസ്‌കാരവും നടത്തിയിരുന്നു. മത്സരം കണ്ട ആരാധകരും ടീമിലെ താരങ്ങളുമെല്ലാം വളരെ സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിച്ചത്.

സുജൂദ് നടത്തിയ റൊണാൾഡോക്ക് ചുറ്റിലേക്കും എല്ലാ താരങ്ങളും എത്തുകയും താരത്തെ അഭിനന്ദിക്കുകയും ചെയ്‌തു. മത്സരത്തിന് ശേഷം നിരവധി പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുന്നത്. മുസ്ലിം അല്ലാതിരുന്നിട്ടും ആരുടേയും സമ്മർദ്ദമില്ലാതിരുന്നിട്ടും ഇതുപോലെയൊരു കാര്യം ചെയ്യുന്ന റൊണാൾഡോ മറ്റുള്ളവരെ വിശ്വാസത്തെ പിന്തുണക്കുന്ന വലിയൊരു മാതൃകയാണ് കാണിച്ചതെന്നു പലരും വിലയിരുത്തുന്നു.

സൗദി ലീഗിൽ അല്ലെങ്കിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തരംഗം ഉണ്ടെങ്കിലും ഈ സംഭവത്തോടെ താരത്തിനുള്ള പിന്തുണ വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടിയതോടെ ജനുവരിയിൽ മാത്രം ടീമിലെത്തിയ താരത്തിന്റെ പേരിൽ പതിനാലു ലീഗ് ഗോളുകളുണ്ട്. മത്സരത്തിലെ വിജയത്തോടെ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയും അൽ നസ്ർ നിലനിർത്തിയിട്ടുണ്ട്.

Cristiano Ronaldo Performs Sujud After Scored Goal