റയൽ, ചെൽസി സൂപ്പർ താരങ്ങൾക്കൊപ്പം കളിക്കാൻ മുൻ ബ്ലാസ്റ്റേഴ്സ് താരം, അഭിമാനനേട്ടവുമായി ഇവാൻ കലിയുഷ്നി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസൺ മാത്രമാണ് ഇവാൻ കലിയുഷ്നി കളിച്ചിട്ടുള്ളത്. യുക്രൈനിൽ ആക്രമണങ്ങൾ ആരംഭിച്ച സമയത്ത് ഒരു സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് കലിയുഷ്നി കേരളത്തിൽ എത്തിയത്. വന്ന സീസണിൽ തന്നെ ആരാധകരുടെ ശ്രദ്ധയാകർഷിക്കാൻ താരത്തിന് കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തിയ മത്സരത്തിൽ തന്നെ രണ്ടു വെടിച്ചില്ലു ഗോളുകളാണ് ഇവാൻ നേടിയത്. ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് ഒന്നിനെത്തിരെ മൂന്നു ഗോളുകൾക്ക് വിജയം നേടാൻ താരത്തിന്റെ ഗോളുകൾ സഹായിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ കലിയുഷ്നിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനു വേണ്ടുന്ന തുക വളരെ കൂടുതലായതിനാൽ താരം ക്ലബ് വിട്ടു. ഇപ്പോൾ യുക്രൈനിൽ തന്നെയുള്ള ഓലക്സാൻഡ്രിയക്ക് വേണ്ടി കളിക്കുന്ന താരം വരുന്ന ഇന്റർനാഷണൽ ബ്രേക്കിനുള്ള യുക്രൈൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
യുവേഫ നേഷൻസ് ലീഗിൽ ജോർജിയ, ചെക്ക് എന്നിവർക്കെതിരെയുള്ള മത്സരത്തിനുള്ള സ്ക്വാഡിലാണ് ഇവാൻ കലിയുഷ്നി ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച സ്ക്വാഡിലെ താരങ്ങൾക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ വന്നതാണ് ഇവാൻ കലിയുഷ്നിക്ക് ടീമിലേക്ക് വഴിയൊരുക്കിയത്.
നിരവധി വമ്പൻ താരങ്ങൾക്കൊപ്പം കളിക്കാൻ ഇത് കലിയുഷ്നിക്ക് വഴിയൊരുക്കും. റയൽ മാഡ്രിഡ് താരം ലുനിൻ, ചെൽസി താരം മുഡ്രിക്ക്, കഴിഞ്ഞ സീസണിലെ ലാ ലിഗ ടോപ് സ്കോററും നിലവിൽ റോമയുടെ താരവുമായ ഡൗബിക് എന്നിവരെല്ലാം യുക്രൈൻ ടീമിലുണ്ട്.