ഇത് ഒരിക്കലും കരിയറിൽ സംഭവിച്ചിട്ടില്ലാത്ത കാര്യം, ഒഴിവുകഴിവുകളില്ലെന്ന് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic
കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ സമീപകാലത്തെ പ്രകടനം ആരാധകർക്ക് നൽകിയ നിരാശ ചെറുതല്ല. സീസണിന്റെ ആദ്യത്തെ പകുതി അവസാനിക്കുമ്പോൾ കിരീടം നേടാൻ കഴിയുന്നത്ര ശക്തമെന്ന് ഏവരും കരുതിയ ടീം സൂപ്പർ കപ്പ് മുതലിങ്ങോട്ട് താഴേക്കു പോവുകയാണ്. അവസാനം നടന്ന നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി.
കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീം തുടർച്ചയായ തോൽവി വഴങ്ങുന്നതിൽ പരിശീലകൻ ഇവാൻ വുകോമനോവിച്ചും തന്റെ രോഷം പ്രകടിപ്പിച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന അദ്ദേഹം കൂടുതൽ ഉത്തരവാദിത്വത്തോടു കൂടിയുള്ള സമീപനം ടീമിൽ നിന്നും ഉണ്ടാകണമെന്നും വ്യക്തമാക്കിയിരുന്നു.
| Ivan Vukomanović: “As a coach or player I never had 4 game straight loses in my career. It's embarrassing I hope the players feel same. We have 8 games left and it'll be about how we react.”@_inkandball_ #KeralaBlasters #KBFC pic.twitter.com/0u65pfELg7
— Blasters Zone (@BlastersZone) February 14, 2024
കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിച്ച ഇവാൻ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ആദ്യമായാണ് താനുൾപ്പെടുന്ന ടീം നാല് മത്സരങ്ങളിൽ തുടർച്ചയായി തോൽവി വഴങ്ങുന്നതെന്ന് വ്യക്തമാക്കുകയുണ്ടായി. കളിക്കാർക്കും ഇതേ നാണക്കേട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും എട്ടു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ടെന്നും അതിലൂടെ ഈ തോൽവികൾക്കും മോശം പ്രകടനത്തിനും മാറ്റം വരുത്താൻ സമയമുണ്ടെന്നും ഇവാൻ പറഞ്ഞു. അതേസമയം നിരവധി താരങ്ങൾക്ക് പരിക്കുകൾ സംഭവിച്ചത് ഇപ്പോഴത്തെ തോൽവികൾക്ക് ഒഴിവുകഴിവായി പറയാൻ കഴിയില്ലെന്നും മറ്റു താരങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവരുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. ചെന്നൈയിൻ എഫ്സി മോശം ഫോമിലാണെന്നതിനാൽ ബ്ലാസ്റ്റേഴ്സിന് വിജയപ്രതീക്ഷയുണ്ട്. അടുത്ത മത്സരത്തിലും നിരാശപ്പെടുത്തിയാൽ ആരാധകരോഷം ഇരട്ടിയായി മാറുമെന്നുറപ്പാണ്.
Ivan Vukomanovic Asks Players To Step Up