മൊറോക്കൻ താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്കോ, ഒടുവിൽ പ്രതികരണവുമായി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

കഴിഞ്ഞ ഏതാനും ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടു സജീവമായ അഭ്യൂഹമാണ് എഫ്‌സി ഗോവ സദൂയിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുന്നുണ്ട്. കേരളത്തിലെ മാധ്യമങ്ങൾക്കൊപ്പം ഗോവയിലെ വിവിധ മീഡിയകളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പ്രതികരിച്ചിരുന്നു. നോവ സദൂയിയെ സ്വന്തമാക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്ന വാർത്തകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിക്കാൻ തയ്യാറായില്ലെങ്കിലും അടുത്ത സീസണിലേക്കുള്ള പദ്ധതികൾ തങ്ങൾ ഇപ്പോൾ തന്നെ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

“ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് അൻപത്തിയഞ്ചു താരങ്ങളെങ്കിലും വരുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഞാൻ കേട്ടിരുന്നു. ഓൺലൈനിൽ ഇരുന്ന് എന്തെങ്കിലുമൊക്കെ എഴുതി വിടാൻ വളരെ എളുപ്പമാണ്. തീർച്ചയായും അടുത്ത സീസണിലേക്ക് ഞങ്ങൾക്ക് പദ്ധതികളുണ്ട്. പ്രീതം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് രണ്ടു വർഷം മുൻപ് തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.” ഇവാൻ പറഞ്ഞു.

നോവ സദൂയിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പൂർണമായും നിരാകരിക്കാൻ ഇവാൻ വുകോമനോവിച്ച് തയ്യാറായില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നത് തന്നെയാണ് അതിനർത്ഥം. എന്നാൽ ഒഡിഷ എഫ്‌സിയും നോവക്ക് വേണ്ടി രംഗത്തുള്ളതിനാൽ എന്താണ് സംഭവിക്കുകയെന്നു കണ്ടറിയണം.

Ivan Vukomanovic Comments On Noah Sadaoui Rumours