ഒരു വിളി വന്നാൽ ഞാൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഓടിയെത്തും, ക്ലബിന് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് ഇവാൻ വുകോമനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എക്കാലവും പ്രിയങ്കരനായ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു വർഷം ടീമിനെ പരിശീലിപ്പിച്ച് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മോശം ഫോമിലായിരുന്ന ടീമിനെ സ്ഥിരതയിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ആരും പ്രതീക്ഷിച്ചില്ലായിരുന്നു. നാലാമത്തെ സീസണിലും ടീമിനെ നയിക്കാൻ അദ്ദേഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇവാന് പകരക്കാരനായി മൈക്കൽ സ്റ്റാറെയെ നിയമിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാനും ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി നിൽക്കാനും താനില്ലെന്ന് ഇവാൻ വുകോമനോവിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു ഓഫർ വന്നാൽ താനത് പരിഗണിക്കുമെന്ന് ഇവാൻ വ്യക്തമാക്കി.
“കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരാൻ ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ഞാനത് സ്വീകരിക്കും. ഈ ക്ലബിന് എന്റെ ഹൃദയത്തിലാണ് സ്ഥാനം.” കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഇവാൻ വുകോമനോവിച്ച് ഇതുവരെ മറ്റൊരു ടീമിന്റെ പരിശീലകനായിട്ടില്ല. അതിനിടയിൽ ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാളിൽ നിന്നും ഇവാന് പരിശീലകനാവാൻ ഓഫർ വന്നെങ്കിലും അദ്ദേഹം അത് നിരാകരിക്കുകയായിരുന്നു.