കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച സീസൺ ആവർത്തിക്കാൻ കഴിയും, ചെയ്യേണ്ടതെന്തെന്നു വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. അതിനു മുൻപ് ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരം ടീമിന് ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പ്രധാന താരങ്ങളെല്ലാം ക്ലബ് വിട്ടതിനെ തുടർന്ന് മോശം ഫോമിലായ ഹൈദരാബാദ് എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിന് ഇന്ന് രാത്രിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.
ഹൈദെരാബാദിനെതിരായ മത്സരത്തിന് ശേഷം പ്ലേ ഓഫിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഒഡിഷ എഫ്‌സിയാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. നിലവിൽ മോശം ഫോമിലാണെങ്കിലും താൻ പരിശീലകനായി എത്തിയ ആദ്യത്തെ സീസണിൽ ഫൈനൽ കളിച്ചതു പോലെയൊരു സർപ്രൈസ് നൽകാൻ ടീമിന് കഴിയുമെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.
"You want to close down this chapter on a positive note."@KeralaBlasters head coach @ivanvuko19 wants his team to gain momentum ahead of the playoffs #ISL #ISL10 #LetsFootball #HFCKBFC #KeralaBlasters
— Indian Super League (@IndSuperLeague) April 12, 2024
“ഏതാനും വർഷങ്ങൾ നീണ്ടു നിന്ന നിരാശക്ക് ശേഷം ആരാധകർക്ക് ആഹ്ലാദിക്കാൻ അവസരം നൽകുന്നതിൽ സന്തോഷമുണ്ട്. ഞാൻ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ 2021-22 സീസണിൽ ഫൈനലിൽ എത്തിയതു പോലെയൊരു നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും സ്വപ്‌നവും ആരാധകർക്കുണ്ടെന്നതും സന്തോഷം നൽകുന്ന കാര്യമാണ്.”
“പക്ഷെ അത് ഞാൻ പരിശീലകനെന്ന നിലയിൽ മാത്രം സ്വന്തമാക്കിയ നേട്ടമല്ല, കളിക്കാരുടെ കൂടി മികവാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്നതിൽ ഞാൻ വളരെയധികം സംതൃപ്‌തനാണ്. ഒരുപോലെ സഹകരിച്ചു നിന്ന് നമുക്കതു പോലെയുള്ള നിമിഷങ്ങൾ വീണ്ടുമുണ്ടാക്കാൻ കഴിയും.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ പറഞ്ഞു.
ഒരുമിച്ച് നിന്ന് പോരാടാൻ ടീമിലെ താരങ്ങൾക്ക് കഴിഞ്ഞാൽ വിജയിക്കാനും കിരീടം നേടാനും ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന് തന്നെയാണ് ഇവാൻ പറഞ്ഞതിൽ നിന്നും വ്യക്തമാകുന്നത്. ടീമിൽ മികച്ച താരങ്ങളുടെ അഭാവമുള്ളതാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‌നം. പ്ലേ ഓഫ് ആകുമ്പോഴേക്കും താരങ്ങൾക്ക് തിരിച്ചു വരാൻ കഴിഞ്ഞാൽ ടീമിന് കൂടുതൽ പ്രതീക്ഷയുണ്ട്.
Ivan Vukomanovic Says Kerala Blasters Can Reach Final