ഈ സീസണു ശേഷം ഇവാനാശാൻ പടിയിറങ്ങുന്നു, രണ്ടു പരിശീലകരുമായി ബ്ലാസ്റ്റേഴ്സ് ചർച്ചയിൽ | Ivan Vukomanovic
മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പമുള്ള ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് വിടുമെന്ന് റിപ്പോർട്ടുകൾ. ഈ സീസണിന് ശേഷം ഇവാൻ വുകോമനോവിച്ച് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവാനാശാന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഐഎഫ്റ്റി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇവാൻ വുകോമനോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനോടു തന്നെ വിടപറയാൻ പോവുകയാണ്. ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനെയല്ലാതെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കില്ലെന്നു പറഞ്ഞ അദ്ദേഹത്തിന് യൂറോപ്പിലെ ഒന്നിലധികം ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെന്നും അത് പരിഗണിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
🥇💣 Ivan Vukomanovic is likely to step down after the end of this season. He has received multiple offers from European top division clubs. KBFC are in talks with two current ISL coaches. @IFTnewsmedia #KBFC pic.twitter.com/l34ig86O53
— KBFC XTRA (@kbfcxtra) March 14, 2024
ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെയുള്ള രണ്ടു പരിശീലകരുമായി ബ്ലാസ്റ്റേഴ്സ് നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ;ലഭ്യമായ വിവരം. എന്നാൽ ഏതൊക്കെ പരിശീലകരെയാണ് ക്ലബ് നോട്ടമിട്ടിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ആരാധകപിന്തുണ ഉണ്ടായിരുന്നെങ്കിലും മോശം ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരമായി പ്ലേ ഓഫ് കളിക്കാൻ തുടങ്ങിയത് ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷമാണ്. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ച ടീം ഇത്തവണയും അതിനു യോഗ്യത നേടുമെന്നുറപ്പാണ്.
ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുകോമനോവിച്ചിനു പക്ഷെ ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ അതിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീം വിടുന്നതിനു മുൻപ് തന്നെ ഒരുപാട് സ്നേഹിക്കുന്ന ആരാധകർക്ക് ഒരു കിരീടം സ്വന്തമാക്കി നൽകുകയെന്നത് തന്നെയാകും ഇവാനാശാന്റെയും ലക്ഷ്യം.
Ivan Vukomanovic To Leave Kerala Blasters After This Season