പ്ലേ ഓഫിൽ കൂടുതൽ കരുത്തു കിട്ടാൻ ഇവാനാശാൻ പണി തുടങ്ങി, അടുത്ത മത്സരങ്ങളിൽ ടീമിൽ വമ്പൻ മാറ്റങ്ങളുണ്ടാകും | Ivan Vukomanovic
ജംഷഡ്‌പൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയില്ലെങ്കിലും സമനിലയോട് പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടരികിലെത്താൻ അവർക്ക് കഴിഞ്ഞു. വിജയം നേടിയിരുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയുമായിരുന്ന ടീമിനിപ്പോൾ ഒരു പോയിന്റ് കൂടി ആവശ്യമാണ്. ഇനിയും മൂന്നു മത്സരങ്ങൾ ബാക്കിയുള്ളതിനാൽ അതിനു കഴിയുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വാസം.
ഇന്നലത്തെ മത്സരത്തിൽ എതിരാളികളുടെ മൈതാനത്ത് ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ഒരുപാട് പിഴവുകൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടന്ന മത്സരം ആയതിനാലാണോ, അതോ സീസണിന്റെ അവസാനമായപ്പോഴേക്കും താരങ്ങളെ തളർച്ച ബാധിച്ചതാണോ പ്രകടത്തിൽ പാളിച്ചകൾ വരാൻ കാരണമെന്നതിൽ വ്യക്തതയില്ല.
🎙️| Ivan Vukomanović: “We need to rotate in upcoming matches, may be we need to rotate 5-6 players.”#KeralaBlasters #KBFC pic.twitter.com/TK6b8PtAfO
— Blasters Zone (@BlastersZone) March 30, 2024
എന്തായാലും പ്ലേ ഓഫ് ആകുമ്പോഴേക്കും ടീമിനെ കൂടുതൽ മികച്ചതാക്കി മാറ്റാനുള്ള പദ്ധതികൾ പരിശീലകൻ ഇവാനാശാൻ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയുള്ള മത്സരങ്ങളിൽ റൊട്ടേഷൻ സംവിധാനം കൊണ്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചോ ആറോ താരങ്ങളെ അടുത്ത മത്സരത്തിൽ റൊട്ടേറ്റ് ചെയ്യിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മത്സരത്തിന് ശേഷം പറഞ്ഞു.
പ്ലേ ഓഫ് ആകുമ്പോഴേക്കും റൊട്ടേഷൻ നടത്തുന്നത് രണ്ടു തരത്തിൽ ടീമിന് ഗുണം ചെയ്യും. അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് മൈതാനത്തിറങ്ങി തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അതിലൂടെ കഴിയും. അതിനു പുറമെ തുടർച്ചയായ മത്സരങ്ങൾ കളിച്ച് തളർന്നിരിക്കുന്ന താരങ്ങൾക്ക് വിശ്രമം ലഭിച്ച് കൂടുതൽ മികവോടെ പ്ലേ ഓഫിന് വേണ്ടി തയ്യാറെടുക്കാനും കഴിയും.
ഇന്നലത്തെ മത്സരത്തിൽ രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ജംഷഡ്‌പൂരിനു ലഭിച്ച അവസരങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയ പിഴവുകൾ കാരണമായെന്ന് മത്സരത്തിന് ശേഷം ഇവാൻ വുകോമനോവിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. അനാവശ്യമായ പിഴവുകൾ വരുത്തുന്നത് ഇല്ലാതാക്കിയാൽ മാത്രമേ പ്ലേ ഓഫിൽ നിന്നും മുന്നേറാൻ കഴിയുമെന്നു പ്രതീക്ഷിക്കാനാകൂ.
Ivan Vukomanovic To Rotate For Upcoming Matches