ചെറിയ ലീഗുകളിൽ പോലും VAR ഉള്ളപ്പോൾ ഇത് ഐഎസ്എല്ലിന്റെ കഴിവുകേടാണ്, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജംഷഡ്‌പൂർ പരിശീലകൻ | Jamshedpur FC

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ നിരന്തരം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് വലിയ പ്രതിഷേധം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് അതിന്റെ ഏറ്റവും ഉയർന്ന രൂപം കണ്ടത്. ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ഛേത്രി നേടിയ ഗോൾ റഫറി തെറ്റായി അനുവദിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ച് കളിക്കളം വിട്ടു. ഇതിനെ തുടർന്ന് അദ്ദേഹത്തിനു പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു.

വിലക്ക് കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് കുറ്റമറ്റ രീതിയിൽ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവാൻ പറഞ്ഞിരുന്നു. വാർ അടക്കമുള്ള സാങ്കേതികവിദ്യ കൊണ്ടുവരേണ്ടത് ലീഗിന്റെ നിലവാരം വർധിപ്പിക്കാൻ അനിവാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ മോഹൻ ബഗാനുമായി നടന്ന മത്സരത്തിന് ശേഷം ജംഷഡ്‌പൂർ പരിശീലക സ്‌കോട്ട് കൂപ്പറും ഇക്കാര്യം ആവശ്യപ്പെടുകയുണ്ടായി. മോഹൻ ബഗാൻ വിജയിച്ച മത്സരത്തിൽ റഫറിയുടെ പിഴവുകൾ ഉണ്ടായതാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

“ഈ ഗെയിം നശിപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം, ശരിയും തെറ്റും എന്താണെന്ന് നിങ്ങൾക്ക് ഇനിയും അറിയില്ലെന്നതാണ്. കാരണം മറ്റെല്ലായിടത്തും, തായ്‌ലൻഡിലും, വിയറ്റ്‌നാമിലും, എല്ലായിടത്തും VAR ഉണ്ട്. ഇവിടെ VAR ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ലഭിച്ച പെനാൽറ്റി ഒരു പെനാൽറ്റിയാകില്ലായിരുന്നു. കാരണം എന്റെ കളിക്കാരൻ, സ്റ്റീവ് ആംബ്രി ബോക്‌സിനു പുറത്തായിരുന്നു. അങ്ങനെയാണെങ്കിൽ, ആ ഫൗളിനു ചുവപ്പുകാർഡും നൽകേണ്ടി വരുമായിരുന്നു.”

“ആദ്യ പകുതിയിൽ ഞങ്ങളുടെ കളിക്കാർക്ക് നേരെ രണ്ട് ചാലഞ്ചുകൾ ഉണ്ടായി. ഞാൻ ചോദിച്ചപ്പോൾ ഫോർത്ത് ഒഫീഷ്യൽ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ, ഒരു തമാശ പോലെ എന്നെ നോക്കി ചിരിച്ചു. ഐ‌എസ്‌എല്ലിൽ ഒഫീഷ്യലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ഭ്രാന്താണ്. ഈ ലീഗിന് ആവശ്യമുള്ള ഒരു കാര്യം VAR ആണ്, അത് കൊണ്ടുവരുന്നില്ല. ഏഷ്യയിലെ ചെറിയ ലീഗുകൾക്ക് VAR ഉണ്ടായിരിക്കുമ്പോൾ ഇവിടെയില്ലാത്തത് എന്തുകൊണ്ടാണ്? ആരാണ് ഐഎസ്എൽ നിയന്ത്രിക്കുന്നത്? അവർ സീരിയസാണോ?” കൂപ്പർ ചോദിച്ചു.

സ്വന്തം ടീമിന് ലഭിച്ച പെനാൽറ്റി അടക്കം തെറ്റായ തീരുമാനം ആയിരുന്നുവെന്ന് പറഞ്ഞ് കൂപ്പർ വിമർശനം നടത്തുമ്പോൾ ഐഎസ്എൽ ഒഫിഷ്യൽസിന്റെ കഴിവുകേട് തന്നെയാണ് അതിൽ വ്യക്തമാകുന്നത്. ഇവാൻ ശക്തമായി ഉയർത്തിവിട്ട പ്രതിഷേധം കൂടുതൽ കരുത്തു പ്രാപിച്ചു വരുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ സീസണിൽ ഇനിയും റഫറിമാരുടെ പിഴവുകൾ ഉണ്ടായാൽ വിമർശനം കൂടുതൽ ശക്തമായി ഉയരുമെന്ന കാര്യത്തിലും സംശയമില്ല.

Jamshedpur FC Coach Slams ISL Officials