റൊണാൾഡോയെക്കുറിച്ച് ഹൃദയസ്‌പർശിയായ വാക്കുകളുമായി മെസി, ഇതുകൊണ്ടാണ് മെസി എല്ലാവർക്കും പ്രിയങ്കരനാകുന്നത് | Messi

ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിച്ചതിനു ശേഷം അതിനെക്കുറിച്ച് റൊണാൾഡോയുടെ പ്രതികരണം വാർത്തകളിൽ നിറഞ്ഞിരുന്നു. ലയണൽ മെസി എട്ടാമത്തെ ബാലൺ ഡി ഓർ നേടിയതിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ നേരിട്ടല്ല അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിൽ പെനാൽറ്റികളുടെ സഹായത്തോടെയാണ് മെസി വിജയിച്ചതെന്നും, താരം നേടിയ എട്ടു ബാലൺ ഡി ഓറിൽ മൂന്നെണ്ണം മറ്റുള്ളവരിൽ നിന്നും കവർന്നെടുത്തതാണെന്നും പറയുന്ന പോസ്റ്റിൽ ചിരിക്കുന്ന ഇമോജി കമന്റായി ഇട്ടുകൊണ്ടായിരുന്നു.

ലയണൽ മെസിയുടെ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അസൂയയുണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്. ഇതിനു മുൻപും ലയണൽ മെസിയുടെ നേട്ടങ്ങളെ നിസാരവൽക്കരിക്കുന്ന രീതിയിൽ റൊണാൾഡോയും റൊണാൾഡോയുടെ സഹോദരിയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതേസമയം ദീർഘകാലമായി തന്റെ എതിരാളിയായിരുന്ന റൊണാൾഡോയെക്കുറിച്ച് ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിനു ശേഷം വളരെ മനോഹരമായാണ് ലയണൽ മെസി പ്രതികരിച്ചത്.

“കായികപരമായ തലത്തിൽ നിന്നും നോക്കുമ്പോൾ റൊണാൾഡോയുമായി ഉണ്ടായിരുന്നത് നല്ലൊരു മത്സരമായിരുന്നു. ഞങ്ങൾ തമ്മിലുള്ള പോരാട്ടം രണ്ടു പേരെയും കൂടുതൽ മികച്ചതാകാൻ സഹായിച്ചു, കാരണം ഞങ്ങൾ ഇരുവരും മത്സരസ്വഭാവമുള്ളവരായിരുന്നു. റൊണാൾഡോ എല്ലായിപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമല്ല, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവർക്കും ആസ്വദിക്കാൻ കഴിഞ്ഞ ഒരു സമയമായിരുന്നു അത്.”

“ഒരുപാട് കാലം ഫുട്ബോൾ ലോകത്തിന്റെ ഉയരങ്ങളിൽ നിൽക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഞങ്ങൾ അർഹിക്കുന്നു. കാരണം മറ്റുള്ളവർ പറയുന്നത് അത് വളരെ എളുപ്പമുള്ള കാര്യമാണെന്നാണ്. എന്നാൽ അവിടെ തുടരുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും ഞങ്ങൾ പത്ത് പതിനഞ്ചു വർഷത്തോളം ഞങ്ങൾ അതിന്റെ ഉയരങ്ങളിൽ നിന്നിരുന്നു. അത്രയും കാലമൊക്കെ തുടരാൻ വളരെ ബുദ്ധിമുട്ടായിരുന്നു, അത് മനോഹരവുമായിരുന്നു. ഞങ്ങളുടെ ഫോളോവേഴ്‌സിനും അതൊരു നല്ല ഓർമയായിരിക്കും.” മെസി പറഞ്ഞു.

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് മെസി ഉയർന്നു കഴിഞ്ഞു. താൻ ആഗ്രഹിച്ച കാര്യങ്ങൾ പലതും മെസി നേടിയെടുത്തതു കൊണ്ടുള്ള രോഷമാണ് റൊണാൾഡോ പലപ്പോഴും പ്രകടിപ്പിക്കുന്നതെന്നാണ് കരുതേണ്ടത്. അതേസമയം മെസി റൊണാൾഡോയെ കാണുന്നത് തന്റെ വളർച്ചക്ക് സഹായിച്ച ഒരാളായാണെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തം. എന്തായാലും രണ്ടു പേരും പരസ്‌പരം വളരാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Messi Responds Abount Ronaldo Rivalry