മറ്റുള്ളവരുടെ കാര്യത്തിൽ സംഭവിച്ച പിഴവ് ലൂണയുടെ കാര്യത്തിലുണ്ടാകില്ല, ബ്ലാസ്റ്റേഴ്‌സിന്റെ നായകൻ കരാർ പുതുക്കുമെന്ന് വുകോമനോവിച്ച് | Luna

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസണിൽ വളരെ മികച്ചൊരു സ്‌ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നത്. പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്, അഡ്രിയാൻ ലൂണ തുടങ്ങിയ താരങ്ങൾ മുന്നേറ്റനിരയിൽ അണിനിരന്ന ടീം ആ സീസണിൽ ഫൈനൽ കളിച്ച് വിജയത്തിന്റെ അരികിൽ എത്തിയെങ്കിലും ഒടുവിൽ തോൽവി വഴങ്ങുകയായിരുന്നു. അതിനു ശേഷം മൂന്നാമത്തെ സീസണിലാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പരിശീലിപ്പിക്കുന്നത്.

ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചിരുന്ന വിദേശതാരങ്ങൾ പലരും ക്ലബ് വിട്ടിരുന്നു. പെരേര ഡയസ് മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറിയപ്പോൾ വാസ്‌ക്വസിനെ എഫ്‌സി ഗോവയാണ് സ്വന്തമാക്കിയത്. എന്നാൽ അഡ്രിയാൻ ലൂണ മാത്രം ക്ലബിനൊപ്പം തുടർന്നു. കളിച്ച ആദ്യത്തെ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ പിന്തുണയും സ്നേഹവുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ പ്രേരിപ്പിച്ചതെന്ന കാര്യത്തിൽ സംശയമില്ല.

ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണ ടീമിന്റെ നായകൻ കൂടിയാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരം ഈ സീസണിലും അത് തുടരുകയാണ്. അതിനിടയിൽ ഈ സീസൺ അവസാനിക്കുന്നതു വരെ മാത്രം കരാറുള്ള അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ മറ്റു ടീമുകൾ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു.

ലൂണയുടെ പ്രായത്തിലുള്ള ഒരു താരത്തെ സംബന്ധിച്ച് കളിക്കുന്ന ക്ലബിൽ നിന്നും ബഹുമാനവും സ്നേഹവും ലഭിക്കുന്നുണ്ടെങ്കിൽ മറ്റെവിടേക്കും ചേക്കേറേണ്ട കാര്യമില്ലെന്നാണ് വുകോമനോവിച്ച് പറയുന്നത്. ലൂണയുടെ കാര്യത്തിൽ ക്ലബ് നേരത്തെ തന്നെ കരാർ പുതുക്കാനുള്ള ധാരണയിൽ എത്തിയിട്ടുണ്ടെന്ന സൂചനയും ഇവാൻ വുകോമനോവിച്ച് നൽകി. അതുകൊണ്ടു തന്നെ 2024ൽ കരാർ അവസാനിക്കുന്ന യുറുഗ്വായ് താരം അത് നീട്ടുമെന്നാണ് പ്രതീക്ഷയെന്ന് വുകോമനോവിച്ച് വ്യക്തമാക്കി.

ലൂണയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നാണ്. കരിയർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്നാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ലൂണ പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന അകമഴിഞ്ഞ സ്നേഹം കൂടി പരിഗണിച്ചാൽ എത്ര വലിയ ഓഫർ ഉണ്ടായാലും ലൂണ ടീമിനൊപ്പം തന്നെ തുടരുമെന്ന് ഉറപ്പിക്കാവുന്നതാണ്.

Ivan Says Luna Will Extend With Kerala Blasters