കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാൽ ഇന്ത്യ വിടുകയാണ് എന്നാണ്, മറ്റൊരു ടീമിനെ പരിശീലിപ്പിക്കില്ലെന്ന് വുകോമനോവിച്ച് | Vukomanovic

ഇവാൻ വുകോമനോവിച്ചിനെപ്പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മനസറിഞ്ഞു സ്നേഹിച്ച മറ്റൊരു പരിശീലകൻ ഉണ്ടാകില്ലെന്ന കാര്യം തീർച്ചയാണ്. സെർബിയൻ പരിശീലകനായ അദ്ദേഹം സൈപ്രസ് ക്ലബായ അപോയോൺ ലിമാസോളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിലെത്തി വളരെ വേഗത്തിലാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ആരാധകർ ഇങ്ങോട്ടു സ്നേഹിക്കുന്നതു പോലെത്തന്നെ അദ്ദേഹം ആരാധകരെ അങ്ങോട്ടും സ്നേഹിക്കുന്നത് രണ്ടു കൂട്ടരും തമ്മിലുള്ള ബന്ധം ദൃഢമാക്കി.

കഴിഞ്ഞ സീസണിൽ നടത്തിയ പ്രതിഷേധത്തിന് വിലക്ക് ലഭിച്ച ഇവാൻ ഒഡിഷക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് തിരിച്ചു വന്നത്. ആശാന്റെ തിരിച്ചുവരവ് ആഘോഷിച്ച ആരാധകർ വലിയ സ്വീകരണം കൊച്ചിയുടെ മൈതാനത്തു നൽകിയിരുന്നു. ടീമിനെ വിജയത്തിലെത്തിച്ചാണ് ആരാധകരുടെ സ്നേഹത്തിനു ആശാൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായുള്ള ദൃഢമായ ബന്ധത്തെക്കുറിച്ച് ഇവാൻ സംസാരിക്കുകയുണ്ടായി.

“ബ്ലാസ്റ്റേഴ്‌സും കേരളവും എനിക്ക് നൽകുന്നതിനേക്കാൾ കൂടുതൽ മറ്റൊരു ടീമിനും നൽകാൻ കഴിയില്ല. മറ്റു ടീമിലേക്ക് പോയാൽ കൂടുതൽ പ്രതിഫലം ലഭിച്ചേക്കാം. പക്ഷെ, ഇവിടം എനിക്ക് സ്പെഷ്യലാണ്. വിലക്ക് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആരാധകർ നൽകിയ സ്നേഹം എന്റെ കണ്ണുകൾ നനയിച്ചു. അവരോട് എനിക്കെന്നും കടപ്പാടുണ്ട്. വൈകാരികമായ സ്നേഹമാണ് ബ്ലാസ്റ്റേഴ്‌സും ഫാൻസും എനിക്ക് സമ്മാനിക്കുന്നത്. മറ്റൊരു ടീമിനും അത് നൽകാൻ കഴിയില്ല.”

“ടീം ഉടമകളോട് ഞാൻ പറഞ്ഞിട്ടുണ്ട്, ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാൽ അതിനർത്ഥം ഇന്ത്യ വിടുകയാണെന്നാണ്. മറ്റൊരു ടീമിലേക്കും ഞാൻ ചേക്കേറാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. അവരാണ് എന്റെ ഹൃദയം.” അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്. ഇനി ആശാനു കീഴിൽ ടീം ഒരു കിരീടം നേടണമെന്ന ആഗ്രഹമാണ് ആരാധകർക്ക് ബാക്കിയുള്ളത്.

ആദ്യത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എൽ ഫൈനലിലേക്ക് നയിച്ച് വിജയത്തിന്റെ അടുത്തെത്തിച്ചതോടെയാണ് ഇവാൻ ആരാധകർക്ക് പ്രിയങ്കരനായത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ വിജയിക്കാൻ ഇനിയും സമയം ബാക്കിയുണ്ടായിട്ടും റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് കളിക്കളം വിടാൻ തീരുമാനിച്ചപ്പോഴും ആരാധകർ ഇവാനോപ്പം അടിയുറച്ചു തന്നെ നിന്നു. ആശാൻ എടുക്കുന്ന തീരുമാനങ്ങൾ ടീമിന്റെ ഗുണത്തിന് വേണ്ടിയാണെന്ന് ആരാധകർക്ക് വിശ്വാസമാണ്.

Vukomanovic Says He Wont Manage Other Teams In India