അത്ലറ്റികോ മാഡ്രിഡ് താരം സ്വപ്‌നം കാണുന്നത് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ | Barcelona

വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയ താരമാണ് ജോവോ ഫെലിക്‌സ്. ഗ്രീസ്‌മൻ ബാഴ്‌സലോണയിലേക്ക് പോയതിനു പകരക്കാരനായി വന്ന താരത്തിന് പക്ഷെ തന്റെ കഴിവുകൾ കൃത്യമായി പുറത്തെടുക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ഗ്രീസ്‌മൻ അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു വന്നപ്പോൾ താരത്തിന് അവസരങ്ങൾ കുറയുകയും ചെയ്‌തു.

കഴിഞ്ഞ വിന്റർ ജാലകത്തിൽ ചെൽസിയിലേക്ക് ലോണിൽ പോയ താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ അവരും താൽപര്യം പ്രകടിപ്പിച്ചില്ല. ഇതോടെ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് ജോവോ ഫെലിക്‌സ്. എന്നാൽ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടർന്നാലും അടുത്ത സീസണിൽ ഡീഗോ സിമിയോണിയുടെ കീഴിൽ ഫെലിക്‌സിന് അവസരങ്ങളൊന്നും ലഭിക്കാൻ യാതൊരു സാധ്യതയുമില്ല.

പിഎസ്‌ജി, ആസ്റ്റൺ വില്ല, ബെൻഫിക്ക എന്നീ ക്ലബുകളെയും ഫെലിക്‌സിനേയും ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തിൽ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ല. അതിനിടയിൽ താരത്തിന് ചേക്കേറാൻ താൽപര്യം ബാഴ്‌സലോണയിലേക്കാണെന്നാണ് മുണ്ടോ ഡീപോർറ്റീവോ വെളിപ്പെടുത്തുന്നത്. മുൻപ് ഫെലിക്‌സിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ക്ലബായിരുന്നു ബാഴ്‌സലോണ.

എന്നാൽ ബാഴ്‌സലോണയിലേക്ക് ഫെലിക്‌സ് എത്താനുള്ള സാധ്യത വളരെ കുറവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ ലക്ഷ്യമിട്ട താരങ്ങളെപ്പോലും സ്വന്തമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അതിനിടയിൽ ഫെലിക്‌സിനായി തുക അവർ മുടക്കില്ല. താരത്തെ ലോണിൽ സ്വന്തമാക്കാൻ കഴിയുമെങ്കിലും സാവി പരിഗണന നൽകുന്നത് മറ്റു കളിക്കാർക്കാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Joao Felix Want Barcelona Transfer