മെസിയെ പിന്തുണച്ചതിനു ഞങ്ങൾക്കെതിരെയും അവർ തിരിഞ്ഞു, താരത്തിന്റെ പ്രതിഭയെ ഫ്രാൻസ് മനസിലാക്കിയില്ലെന്ന് മുൻ താരം | Messi

ആഗ്രഹിച്ചായിരുന്നില്ല ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. കരാർ പുതുക്കാൻ ബാഴ്‌സലോണക്ക് കഴിയില്ലെന്ന് ഉറപ്പായപ്പോൾ ഓഫറുമായി മുന്നോട്ടു വന്ന ക്ലബുകളിൽ തനിക്ക് യോജിച്ചത് പിഎസ്‌ജി ആയിരിക്കുമെന്ന് കരുതിയാണ് താരം അവരെ തിരഞ്ഞെടുത്തത്. എന്നാൽ പിഎസ്‌ജി ക്ലബിനൊപ്പമുള്ള നാളുകൾ തന്റെ കരിയറിൽ മെസി മറക്കാൻ മാത്രം ആഗ്രഹിക്കുന്നതായിരിക്കും. അത്രയും വലിയ പരീക്ഷണങ്ങളാണ് താരം അവിടെ നിന്നും നേരിട്ടത്.

ആദ്യ സീസണിൽ മങ്ങിയ മെസി രണ്ടാമത്തെ സീസണിൽ മികച്ച ഫോമിലായിരുന്നു. എന്നാൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകകപ്പ് നേടിയതോടെ കാര്യങ്ങൾ തിരിഞ്ഞു. പിഎസ്‌ജിയുടെ ചെറിയ വീഴ്ചകളിൽ വരെ മെസിയെ പഴിക്കാനാണ് ആരാധകർ തുനിഞ്ഞത്. ഇതോടെ കരാർ പുതുക്കാനുള്ള പദ്ധതി വേണ്ടെന്നു വെച്ച് മെസി ക്ലബിൽ നിന്നും പുറത്തു പോയി. അമേരിക്കൻ ക്ലബായ ഇന്റർ മിയാമി താരത്തെ സ്വന്തമാക്കുകയും ചെയ്‌തു.

ലയണൽ മെസി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്ന സമയത്ത് താരത്തിന് വേണ്ടി സംസാരിച്ചിരുന്നയാളാണ് മുൻ ഫ്രഞ്ച് താരം ഡേവിഡ് ട്രെസഗെ. കഴിഞ്ഞ ദിവസം മെസിയെ ഫ്രഞ്ച് ഫുട്ബോൾ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന വിമർശനം അദ്ദേഹം നടത്തുകയുണ്ടായി. “ഫ്രാൻസ് പ്രതിഭയെ ബഹുമാനിക്കുന്നില്ല. അതുകൊണ്ടു തന്നെ അവർക്ക് മെസിയെ മനസിലാക്കാനും കഴിഞ്ഞില്ല. താരത്തിന്റെ വരവ് മറ്റു ലീഗുകളെക്കാൾ ഫ്രഞ്ച് ലീഗിനെ ആകർഷകമാക്കാൻ സഹായിക്കുമായിരുന്നു.”

“എന്നാൽ ഫ്രാൻസ് മെസിയുടെ മികവിനെ അംഗീകരിക്കാൻ തയ്യാറായില്ല. ഫുട്ബോളിനെ വലിയ രീതിയിൽ മാറ്റാൻ കഴിയുന്ന താരത്തിന് ഫ്രാൻസിന് ഒരുപാട് നൽകാനുണ്ടായിരുന്നു. ഇതുപോലെയൊരു താരത്തെ ലഭിക്കുകയെന്നത് ലീഗ് വണിനു വല്ലപ്പോഴും ലഭിക്കുന്ന അവസരമാണ്. മെസിയെ പിന്തുണച്ചതിനു ഞങ്ങളെയും വിമർശിച്ചു. പ്രതിഭയുടെയും ഫുട്ബോൾ മാന്ത്രികതയുടെയും കൂടെ നിന്നതിനാണോ അതു ചെയ്‌തത്‌.” ട്രെസഗെ പറഞ്ഞു.

എന്തായാലും ലയണൽ മെസിയെ വിമർശിച്ച ആരാധകർ ഇപ്പോൾ അക്കാര്യത്തിൽ ദുഖിക്കുന്നുണ്ടാകും എന്നുറപ്പാണ്. ഫ്രഞ്ച് ലീഗിൽ കൂടുതൽ മികവ് പുലർത്തുന്ന സമയത്താണ് ആരാധകർ മെസിക്കെതിരെ തിരിഞ്ഞത്. ഇപ്പോൾ എംബാപ്പെ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ മെസിയുടെ വിടവ് നൽകുന്ന ശൂന്യത അവർക്ക് മനസിലാകുമെന്ന കാര്യത്തിൽ സംശയമില്ല.

Trezeguet Says France Never Understood Messi