പത്താം നമ്പർ അർഹിച്ച കരങ്ങളിലേക്കു തന്നെയെത്തി, പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Adrian Luna

ഏതൊരു ടീമിന്റെയും പ്രധാനപ്പെട്ട ജേഴ്‌സിയായി കണക്കാക്കപ്പെടുന്ന പത്താം നമ്പറിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ പുതിയൊരു അവകാശി. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണയാണ് അടുത്ത സീസണിൽ പത്താം നമ്പർ ജേഴ്‌സിയണിയുക. ബ്ലാസ്റ്റേഴ്‌സ് അൽപ്പം മുൻപ് ഇക്കാര്യം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ സീസൺ വരെ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇരുപതാം നമ്പർ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്. ഫുൾബാക്കായിരുന്ന ഹർമൻജോത് ഖബ്‌റയായിരുന്നു ടീമിന്റെ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്നത്. സീസൺ അവസാനിച്ചതോടെ ഖബ്‌റ ക്ലബ് വിട്ടതോടെയാണ് പത്താം നമ്പർ ജേഴ്‌സിക്ക് അവകാശികൾ ഇല്ലാതെയായത്. അത് ലൂണക്ക് ലഭിക്കുകയും ചെയ്‌തു.

നിലവിൽ കൊച്ചിയിലുള്ള അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ട്രൈനിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. പരിശീലനത്തിൽ ലൂണ പത്താം നമ്പർ ജേഴ്‌സിയാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ തന്നെ അതിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇത് സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ മികച്ച താരമായ ലൂണ ആ നമ്പർ അർഹിക്കുന്നത് തന്നെയാണ്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുഴുവൻ നീക്കങ്ങളും ലൂണയിലൂടെയാണ് മുന്നോട്ടു പോവുക. ടീമിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിച്ചിരുന്ന താരം കഴിഞ്ഞ സീസണിൽ പത്തു ഗോളുകളിലാണ് പങ്കാളിയായത്. സഹൽ ക്ലബ് വിട്ടതോടെ മധ്യനിരയിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ലൂണ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Adrian Luna Kerala Blasters New Number 10