പ്രതിസന്ധികൾക്കെല്ലാം പരിഹാരമുണ്ടാക്കാൻ ആശാനെത്തുന്നു, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ഭുതങ്ങൾക്കായി കാത്തിരിക്കാം | Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ക്ലബ് നേതൃത്വത്തോട് പല രീതിയിലുള്ള അതൃപ്‌തിയുണ്ടെങ്കിലും അതൊരിക്കലും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ബാധിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സിൽ എത്തിയ കാലം മുതൽ ഇന്നുവരെ ആരാധകർക്ക് വളരെ പ്രിയങ്കരനാണ് അദ്ദേഹം. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞ സീസണിൽ ബെംഗളൂരുവുമായുള്ള മത്സരം മുഴുവനാക്കാതെ ടീമിനെ തിരിച്ചു വിളിച്ച സംഭവത്തിൽ ആരാധകർ ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്തുണ നൽകിയത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഒരു കിരീടമില്ലെന്ന നിരാശയിൽ ആരാധകർ നിൽക്കുമ്പോൾ പ്രതീക്ഷ നൽകുന്ന കൂടുതൽ സൈനിംഗുകളൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതേസമയം ടീമിലെ പ്രധാന താരങ്ങളിൽ പലരും ക്ലബ് വിടുകയും ചെയ്‌തു. സഹലും ഗില്ലുമടക്കം നിരവധി താരങ്ങൾ ക്ലബിൽ നിന്നു പോയിട്ടും അവരിൽ പലർക്കും പകരക്കാരെ കണ്ടെത്താൻ പോലും ടീമിനായിട്ടില്ല.

എന്നാൽ ഇവാനിസത്തിൽ വിശ്വസിക്കുന്ന ആരാധകർ ഈ പ്രതിസന്ധികളെ അദ്ദേഹം പരിഹരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. താരങ്ങളെ വളർത്തിയെടുക്കാൻ കഴിവുള്ള അദ്ദേഹം ലഭിച്ച ടീമിനെ വെച്ച് അത്ഭുതങ്ങൾ കളിക്കളത്തിൽ കാണിക്കുമെന്ന് തന്നെയാണ് ഏവരുടെയും വിശ്വാസം. ആരാധകരുടെ സമ്മർദ്ദവും ചില താരങ്ങളുടെ അഭാവവും മൂലം പ്രതിസന്ധിയിൽ നിൽക്കുന്ന ക്ലബിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഈ ആഴ്‌ച്ച തന്നെ കേരളത്തിലേക്ക് വരാനിരിക്കയാണ്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ചു കഴിഞ്ഞു. അതിനൊപ്പം ചേരുന്നതിനു വേണ്ടിയാണ് ഇവാൻ കേരളത്തിലേക്ക് വരുന്നത്. പുതിയ താരങ്ങളെ മനസിലാക്കാനും ഇനി ടീമിന് ആവശ്യമുള്ള താരങ്ങളെ കണ്ടെത്താനും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ അതിനു ശേഷമുണ്ടാകും. അതുകൊണ്ടു തന്നെ സീസൺ ആരംഭിക്കുമ്പോഴേക്കും മികച്ചൊരു ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ടാകും.

Ivan Vukomanovic Will Arrive Kochi This Week