ഇന്ത്യൻ ഫുട്ബോൾ കണ്ടു പഠിക്കേണ്ടത് ഇതൊക്കെയാണ്, റാങ്കിങ്ങിൽ എൺപത്തിയേഴാം സ്ഥാനത്തുള്ള ടീം ഏഷ്യൻ കപ്പ് ഫൈനലിൽ | Jordan

എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ് കഴിഞ്ഞ ദിവസം കണ്ടത്. കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന യൂറോപ്പിലെ ലീഗുകളിൽ നിന്നുള്ള വമ്പൻ താരങ്ങൾ കളിക്കുന്ന സൗത്ത് കൊറിയയെ ജോർദാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ച് ഫൈനലിൽ കടന്നു. ആദ്യമായാണ് ജോർദാൻ ഏഷ്യൻ കപ്പിന്റെ ഫൈനൽ കളിക്കുന്നത്.

ജോർദാന്റെ ഏഷ്യൻ കപ്പ് ഫൈനൽ പ്രവേശനത്തിലെ അത്ഭുതപ്പെടുത്തുന്ന കാര്യം ഫിഫ റാങ്കിങ്ങിൽ എൺപത്തിയേഴാം സ്ഥാനത്താണ് അവർ നിൽക്കുന്നതെന്നാണ്. അതായത് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതെ ദയനീയമായി പുറത്തു പോയ ഇന്ത്യൻ ഫുട്ബോൾ ടീമിനെക്കാൾ പതിനഞ്ചു റാങ്കിങ് മാത്രം കൂടുതലുള്ള ടീമാണ് ഏഷ്യൻ കപ്പിന്റെ ഫൈനലിൽ കടന്നിരിക്കുന്നത്.

വെറും ഒരു കോടിയിലധികം പേർ മാത്രം ജീവിക്കുന്ന ജോർദാനാണ് ഏഷ്യൻ കപ്പിൽ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കുന്നത്. അതേസമയം നൂറ്റിനാൽപ്പത് കോടിയിലധികം ആളുകൾ ജീവിക്കുന്ന ഇന്ത്യ ഏഷ്യൻ കപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാതെ പുറത്തു പോയി. ഇന്ത്യൻ ഫുട്ബോൾ ടീമും അതിന്റെ നേതൃത്വവും മാതൃകയാക്കേണ്ടത് ജോർദാൻ കാണിച്ച മുന്നേറ്റത്തെയാണ്.

കൃത്യമായ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തിയാൽ ഏതു ടീമിനും ഫുട്ബോളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ജോർദാൻ. എന്നാൽ ഇന്ത്യൻ ഫുട്ബോളിൽ ഇത്തരത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നതാണ് വാസ്‌തവം. പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആരും അതിനെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോകുന്നില്ല.

ജോർദാന്റെ മുന്നേറ്റത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. റാങ്കിങ്ങിൽ തങ്ങൾ താഴേക്കിടയിലാണെന്നത് ഒരു ടീമിന്റെ മുന്നേറ്റത്തിന് തടസമല്ല. ഏതെങ്കിലും ഒരു ടൂർണമെന്റ്, അല്ലെങ്കിൽ കൃത്യമായൊരു ലക്‌ഷ്യം വെച്ച് പ്രവർത്തിച്ചാൽ അതിലേക്കെത്താൻ ഏതു ടീമിനും കഴിയും. എന്നാൽ അതിനു ഇച്ഛാശക്തിയുള്ള ഒരു നേതൃത്വവും പരിശീലകനും കൃത്യമായ സൗകര്യങ്ങളും ആവശ്യമാണ്.

ഇന്ത്യൻ ഫുട്ബോളിന് ഇതുപോലെയൊരു കുതിപ്പ് കാണിക്കാൻ എപ്പോൾ കഴിയുമെന്ന് ആർക്കുമറിയില്ല. ഇപ്പോഴും നേതൃത്വത്തിൽ ഇരിക്കുന്നവർ തമ്മിൽ പോരടിച്ചു കൊണ്ടിരിക്കുന്ന ഒരു ഫെഡറേഷനിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനും കഴിയില്ല. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് എല്ലാ കാലത്തും ഈ കാത്തിരിപ്പ് മാത്രമാകും വിധിച്ചിട്ടുണ്ടാവുക.

Jordan Reached AFC Asian Cup Final First Time