ആഗ്രഹമുണ്ടായിട്ടല്ല ബ്ലാസ്റ്റേഴ്‌സ് വിട്ടത്, ക്ലബ് എന്നെ വേണ്ടെന്നു വെച്ചതാണെന്ന് പെരേര ഡയസ് | Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ജോർഗെ പെരേര ഡയസ്. എന്നാൽ സീസൺ കഴിഞ്ഞതോടെ താരം ക്ലബ് വിട്ട് മുംബൈ സിറ്റി എഫ്‌സിയിലേക്ക് ചേക്കേറി. കൂടുതൽ മെച്ചപ്പെട്ട ഓഫർ ലഭിച്ചപ്പോൾ ഡയസ് ബ്ലാസ്റ്റേഴ്‌സ് വിട്ടതാണെന്നാണ് ക്ലബിന്റെ ആരാധകർ കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നാണ് കഴിഞ്ഞ ദിവസം താരം വ്യക്തമാക്കിയത്. തനിക്ക് തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ക്ലബ് തന്നെ ഒഴിവാക്കിയെന്നാണ് ഡയസ് പറഞ്ഞത്.

“കേരളത്തിൽ മികച്ചൊരു സീസൺ പൂർത്തിയാക്കിയതിനു ശേഷം കോച്ചിനും സ്പോർട്ടിങ് ഡയറക്റ്റർക്കും ടീമിനൊപ്പം തുടരാൻ തന്നെയായിരുന്നു ആഗ്രഹം ഉണ്ടായിരുന്നത്. കുറച്ചു മാസത്തെ അവധിദിവസങ്ങൾക്ക് ശേഷം ക്ലബ് എനിക്കൊരു ഓഫർ ലെറ്റർ അയച്ചിരുന്നു. ഞാനതിൽ ഒപ്പിട്ട് തിരിച്ചയക്കുകയും ചെയ്‌തു. അഡ്രിയാൻ ലൂണ, വാസ്‌ക്വസ് എന്നിവരുമായി സംസാരിച്ചതിന് ശേഷം അടുത്ത സീസണിൽ കിരീടം നേടാമെന്ന് ആരാധകരെ പ്രചോദിപ്പിച്ച് ഒരു പോസ്റ്റ് ഇടാനുള്ള ആലോചനയിൽ ആയിരുന്നു ഞാൻ.”

“ഞാൻ അർജന്റീനയിൽ തന്നെ തുടരുമ്പോൾ അടുത്ത ദിവസം എനിക്കൊരു സന്ദേശം വരുന്നു. പരിശീലകനും ക്ലബിനും വേറെ മികച്ചൊരു ഓപ്‌ഷൻ ലഭിച്ചിട്ടുണ്ടെന്നും എന്റെ ആവശ്യമില്ലെന്നും ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു. ഞാൻ വാക്കുകൾ നഷ്‌ടമായ അവസ്ഥയിലായിരുന്നു. എന്താണ് കാരണമെന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ ഫുട്ബോൾ ഇങ്ങിനൊക്കെയാണ് എന്ന മറുപടിയാണ് ലഭിച്ചത്.”

“അതിനു ശേഷം സ്പോർട്ടിങ് ഡയറക്റ്റർ എന്നോട് സംസാരിച്ചിട്ടില്ല. എന്നെ ആവശ്യമില്ലെന്ന് നേരിട്ടു തന്നെ പറയാമായിരുന്നു. പരിശീലകനും ഒന്നും സംസാരിച്ചില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും എന്നെ ചീത്ത വിളിക്കുന്നത് കൊണ്ടാണ് ഞാനിതു പറയുന്നത്. അപകടകരമായ ഇടങ്ങളിൽ കളിച്ചിട്ടുള്ള എനിക്ക് അധിക്ഷേപങ്ങൾ സാധാരണമാണ്. എന്നാൽ അവരെന്റെ കുടുംബത്തെ വരെ അധിക്ഷേപിക്കുന്നത് കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.” ഡയസ് വ്യക്തമാക്കി.

അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറിനോട് ഡയസ് പ്രതികരിക്കാൻ വൈകിയതാണ് താരത്തെ ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ കാരണമെന്നാണ് ടീമിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഇതുമായി ബന്ധപ്പെട്ടു പ്രതികരിച്ചത്. ഡയസ് ഒരുപാട് സമയം എടുത്തെന്നും താരത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാൽ ചിലപ്പോൾ ക്ലബിന്റെ താൽപര്യങ്ങളെ സംരക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Jorge Pereyra Diaz Speak About Kerala Blasters Exit