ഗംഭീര പ്രകടനം നടത്തിയ റാഫിന്യക്ക് ഗോളടിക്കാനുള്ള അവസരം നിഷേധിച്ച് ലെവൻഡോസ്‌കി | Raphinha

ലാ ലിഗ കിരീടം ഒന്നുകൂടി ഉറപ്പിച്ചാണ് അത്ലറ്റികോ മാഡ്രിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടിയത്. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫെറൻ ടോറസ് നേടിയ ഗോളിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഇതോടെ ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെ റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പതിനൊന്നാക്കി നിലനിർത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് ബ്രസീലിയൻ താരം റഫിന്യ ആയിരുന്നു. ഫെറൻ ടോറസ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയ താരം നാല് കീ പാസുകളാണ് മത്സരത്തിൽ നൽകിയത്. ഒരു മികച്ച അവസരം സൃഷ്‌ടിച്ച താരം എട്ടു തവണ ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചതിൽ ആറെണ്ണത്തിലും വിജയിക്കുകയും ചെയ്‌തു. ഇതിനു പുറമെ പ്രതിരോധത്തിലും ബ്രസീലിയൻ താരം വളരെയധികം സംഭാവന നൽകുകയുണ്ടായി.

മത്സരത്തിൽ റാഫിന്യക്ക് ഒരു ഗോൾ നേടാൻ അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാൽ ബാഴ്‌സലോണയുടെ പ്രധാന സ്‌ട്രൈക്കറായ ലെവൻഡോസ്‌കിയുടെ സ്വാർത്ഥത അത് നിഷേധിച്ചു. ഒരു പ്രത്യാക്രമണത്തിൽ നിന്നും പന്ത് ലഭിച്ച് ലെവൻഡോസ്‌കി വരുമ്പോൾ ഒബ്ലാക്ക് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. വശത്തു കൂടി റൺ ചെയ്യുന്ന റാഫിന്യക്ക് പന്ത് നൽകിയിരുന്നെങ്കിൽ അത് തീർച്ചയായും ഗോളാകുമായിരുന്നു എന്നിരിക്കെ ലെവൻഡോസ്‌കി നേരിട്ട് ഷോട്ടെടുത്തതു പുറത്തു പോയി.

മത്സരത്തിന് ശേഷം ബാഴ്‌സലോണ ആരാധകർ ലെവൻഡോസ്‌കിയുടെ സ്വാർത്ഥ മനോഭാവത്തെ സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നുണ്ട്. റോബർട്ട് ലെവൻഡോസ്‌കിയുടെ സ്ഥാനത്ത് ലയണൽ മെസി ആയിരുന്നെങ്കിൽ ഒരിക്കലും അങ്ങിനെ സംഭവിക്കില്ലായിരുന്നുവെന്നും ആ ഗോൾ ഉറപ്പു വരുത്തി വിജയം തീർച്ചയാക്കേണ്ട താരമാണ് ഇങ്ങിനെ ചെയ്‌തതെന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.

നിരവധി മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറി വന്ന അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത് ബാഴ്‌സലോണക്ക് കിരീടപ്പോരാട്ടത്തിൽ വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമായിരിക്കും. മുപ്പതു മത്സരങ്ങളിൽ ബാഴ്‌സലോണക്ക് 76 പോയിന്റുകളുള്ളപ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 65 പോയിന്റുള്ള റയൽ രണ്ടാമതും 60 പോയിന്റുള്ള അത്ലറ്റികോ രണ്ടാമതും നിൽക്കുന്നു.

Lewandowski Didn’t Pass To Raphinha And Missed Golden Chance