മെസിയെ ഞങ്ങൾക്ക് വേണം, ക്യാമ്പ് നൂവിൽ വീണ്ടും മെസിക്കു വേണ്ടി ആർത്തു വിളിച്ച് ആരാധകർ | Lionel Messi

ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി. പതിമൂന്നാം വയസിൽ തന്നെ ക്ലബിലെത്തി അക്കാദമിയിലൂടെ വളർന്നു വന്ന് ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടങ്ങൾ ടീമിന് നേടിക്കൊടുക്കാൻ മെസിക്ക് കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി ഉയർന്നു വന്നതും ബാഴ്‌സലോണയെന്ന ക്ലബിലൂടെ തന്നെയാണ്.

ലയണൽ മെസിയോട് ബാഴ്‌സലോണ ആരാധകർക്ക് വളരെയധികം സ്നേഹമുണ്ട്. അപ്രതീക്ഷിതമായി മെസിക്ക് ക്ലബ് വിടേണ്ടി വന്നപ്പോൾ താരത്തിനൊപ്പം വിതുമ്പിയ നിരവധി ആരാധകരുണ്ട്. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ വേണ്ടി അവർ ഓരോ നിമിഷവും ആഗ്രഹിക്കുകയും ചെയ്‌തു. ഇപ്പോൾ അതിനുള്ള അവസരം ലഭിച്ചപ്പോൾ ആരാധകർ അതിനായി ക്ലബിന് മേൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം ക്യാമ്പ് നൂവിൽ ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ നടന്ന മത്സരത്തിലും മെസിക്ക് വേണ്ടി ആരാധകർ ആർത്തു വിളിച്ചിരുന്നു. മത്സരം തുടങ്ങി പത്താം മിനുട്ടിലാണ് സ്റ്റേഡിയത്തിലെ ആരാധകർ ലയണൽ മെസിക്കായി ആർപ്പുവിളികൾ മുഴക്കിയത്. മെസി ഇപ്പോൾ കളിക്കുന്ന ക്ലബായ പിഎസ്‌ജിയുടെ ആരാധകർ താരത്തിനെ കൂക്കി വിളിക്കുബോഴാണ് ഇവിടെ മെസിക്ക് വേണ്ടി മുൻ ക്ലബിന്റെ ആരാധകർ ചാന്റുകൾ മുഴക്കുന്നത്.

ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. അതിനു ക്ലബ് നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താൻ ബാഴ്‌സലോണ ആരാധകരുടെ ഈ ചാന്റുകൾക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു പുറമെ ക്ലബ്ബിലേക്ക് തിരിച്ചു വരാൻ മെസിക്ക് കൂടുതൽ താൽപര്യമുണ്ടാക്കാനും ആരാധകരുടെ ഈ സ്‌നേഹപ്രകടനം കൊണ്ടു കഴിയും.

മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതികളുടെ ഭാഗമായി സാമ്പത്തിക നയങ്ങൾ സംബന്ധിച്ച പദ്ധതി ലാ ലിഗക്ക് മുന്നിൽ ബാഴ്‌സലോണ അടുത്ത ദിവസങ്ങളിൽ തന്നെ സമർപ്പിക്കും. അതിനു ലീഗ് നേതൃത്വം സമ്മതം നൽകുമെന്നാണ് പ്രതീക്ഷ. ലയണൽ മെസിയെപ്പോലൊരു താരം ലീഗിലേക്ക് വരുന്നത് തടയാൻ റെബാസ്‌ ശ്രമിക്കില്ലെന്നും അതിനാൽ തന്നെ ഈ ട്രാൻസ്‌ഫർ സംഭവിക്കുമെന്നും ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.

Barca Fans Chant Lionel Messi During Atletico Madrid Match