ബ്രസീൽ ടീം പരിശീലകനായി ആരെത്തുമെന്ന കാര്യത്തിൽ തീരുമാനമാകുന്നു, നിർണായക വെളിപ്പെടുത്തൽ

ബ്രസീൽ ടീമിന് യൂറോപ്പിൽ നിന്നുള്ള പരിശീലകരെ വേണമെന്ന ആവശ്യം കുറച്ചു കാലമായി ഉയർന്നു വരുന്നുണ്ട്. ഒരു കാലത്ത് ലോകഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ച ടീം 2002 മുതൽ ഒരു ലോകകപ്പ് പോലും നേടാത്തത് ഇതിനു ആക്കം കൂട്ടിയിരുന്നു. ലോകകപ്പിനു മുൻപ് തന്നെ ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി തുടങ്ങിയ പരിശീലകരെ ദേശീയടീമിലെത്തിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പെപ് ഗ്വാർഡിയോളയെ ബ്രസീലിന്റെ പരിശീലകനാക്കാൻ റൊണാൾഡോ നീക്കങ്ങൾ നടത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി മാനേജർ അത് നിരസിക്കുകയായിരുന്നു.

ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ കഴിയുന്ന ഒരു സ്‌ക്വാഡ് ഉണ്ടായിട്ടും അതിനു കഴിയാതെ ക്വാർട്ടർ ഫൈനലിൽ തോറ്റു മടങ്ങുകയാണ് ബ്രസീൽ ചെയ്‌തത്‌. ലോകകപ്പ് ആരംഭിക്കുന്ന സമയത്ത് ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ സ്ക്വാഡുകളിൽ ഒന്നെന്നു കരുതപ്പെട്ട ബ്രസീലിനാണ് ഇങ്ങിനെയൊരു മടക്കം ഉണ്ടായത്. ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൽ ഒരു ഗോളിന് മുന്നിലെത്തിയിട്ടും ആ ലീഡ് നിലനിർത്താൻ കഴിയാതെ സമനില വഴങ്ങിയ ബ്രസീൽ ഒടുവിൽ ഷൂട്ടൗട്ടിലാണ് തോൽവി വഴങ്ങി മടങ്ങിയത്. ബ്രസീൽ പുറത്തായതോടെ ടീമിന്റെ പരിശീലകസ്ഥാനം ടിറ്റെ വേണ്ടെന്നു വെച്ചു. എന്നാൽ ഇതുവരെയും അവർ പകരക്കാരെ കണ്ടെത്തിയിട്ടില്ല.

Mourinho Will Be The Next Brazil Coach Claims Carlos Alberto

മുൻ ബ്രസീൽ താരമായ കാർലോസ് ആൽബർട്ടോ കഴിഞ്ഞ ദിവസം പറഞ്ഞത് ബ്രസീൽ ടീമിന്റെ പരിശീലകനായി ആരാണ് വരികയെന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി എന്നാണ്. യൂറോപ്പിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള, നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കുന്ന ഹോസെ മൗറീന്യോയാണ് ബ്രസീലിന്റെ പരിശീലകനായി എത്തുകയെന്ന മുൻ പോർട്ടോ താരം കൂടിയായ ആൽബർട്ടോ പറയുന്നു. മൗറീന്യോയുടെ സഹപരിശീലകനാവാൻ അദ്ദേഹം തന്നെ ക്ഷണിച്ചുവെന്നും കഴിഞ്ഞ ദിവസം മുണ്ടോ ജിവി പോഡ്‌കാസ്റ്റിൽ സംസാരിക്കുന്ന സമയത്ത് കാർലോസ് ആൽബർട്ടോ പറഞ്ഞു.

കരിയറിന്റെ കൂടുതലും സമയവും ബ്രസീലിയൻ ക്ലബുകളിൽ കളിച്ചിട്ടുള്ള ആൽബർട്ടോ ദേശീയ ടീമിനായി ആറു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൗറീന്യോയുമായി ആൽബർട്ടോക്ക് ബന്ധമുണ്ട്. മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് രണ്ടു സീസണുകളിൽ താരം ക്ലബിനായി കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആൽബർട്ടോയുടെ വാക്കുകൾ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. ബ്രസീലിലെ ഭാഷ പോർച്ചുഗീസ് ആണെന്നതിനാൽ മൗറീന്യോക്ക് കൂടുതൽ പരിഗണന ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അതിനൊപ്പം ചേർത്ത് വായിക്കാം.

യൂറോപ്പിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മൗറീന്യോയെ പക്ഷെ ഏവർക്കും പ്രിയമുള്ള പരിശീലകനായി കരുതാൻ കഴിയില്ല. പ്രതിരോധത്തിലൂന്നി കളിക്കുന്ന അദ്ദേഹത്തിന്റെ രീതി പലപ്പോഴും വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്. ബ്രസീലിനെ പോലെ പ്രതിഭയുള്ള താരങ്ങൾ നിരവധിയുള്ള, ആക്രമണഫുട്ബോളിന്റെ വക്താക്കളായി അറിയപ്പെടുന്ന ടീമിനെ മൗറീന്യോ ഏറ്റെടുക്കുകയാണെങ്കിൽ ആരാധകരിൽ ഒരു വിഭാഗം പ്രതിഷേധിക്കാനുള്ള സാധ്യതയുണ്ട്.