ഗ്വാർഡിയോള മഷറാനോയോട് സംസാരിച്ചു, അർജന്റീന താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

റിവർപ്ലേറ്റിൽ നിന്നും ഇക്കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ താരമാണ് ഹൂലിയൻ അൽവാരസ്. എർലിങ് ഹാലൻഡിനെ പോലെയൊരു സ്‌ട്രൈക്കർ ടീമിന്റെ ഭാഗമായതിനാൽ സിറ്റിയിൽ പകരക്കാരനായാണ് താരം കൂടുതലും ഇറങ്ങാറുള്ളത്. എന്നാൽ താരത്തിന്റെ പ്രതിഭയിൽ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹത്തിന്റെ തന്റെ വാക്കുകളിൽ നിന്നും വ്യക്തമായ കാര്യമാണ്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്കു നയിച്ച പ്രകടനം നടത്തി തന്റെ പ്രതിഭയുടെ ആഴമെന്താണെന്ന് തെളിയിക്കാൻ അൽവാരസിനു കഴിയുകയും ചെയ്‌തു.

അർജന്റീനയിൽ നിന്നും അൽവാരസിനെ എത്തിച്ചത് മികച്ച രീതിയിൽ ഫലം കണ്ടതോടെ മറ്റൊരു അർജന്റീന താരത്തിൽ കൂടി മാഞ്ചസ്റ്റർ സിറ്റിയുടെ കണ്ണ് പതിഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ ക്ലബായ വെലെസ് സാർസ്‌ഫീൽഡിന്റെ മധ്യനിര താരമായ മാക്‌സിമ പെറോണിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തം നിരയിലെത്തിക്കാൻ നോക്കുന്നത്. ഈയാഴ്‌ച തന്നെ താരത്തിന്റെ സൈനിങ്‌ പൂർത്തിയാകും. പത്തൊൻപതു വയസുളള താരത്തിനായി ഏഴു മില്യൺ പൗണ്ടോളമാണ് മാഞ്ചസ്റ്റർ സിറ്റി മുടക്കാൻ വേണ്ടി പോകുന്നത്.

അൽവാരസിനെ സ്വന്തമാക്കിയ അതെ രീതിയിലാണ് മാഞ്ചസ്റ്റർ സിറ്റി മാക്‌സിമ പെറോണിനെയും ടീമിലെത്തിക്കാൻ നോക്കുന്നതെന്നാണ് കരുതേണ്ടത്. കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റർ സിറ്റി അൽവാരസുമായി കരാറിലെത്തുന്നത്. അതിനു ശേഷം താരത്തെ റിവർപ്ലേറ്റിൽ തന്നെ കളിക്കാൻ സിറ്റി അനുവദിക്കുകയായിരുന്നു. ജൂണിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അൽവാരസ് ഇപ്പോൾ ടീമിന്റെ ഭാഗമാണ്. സമാനമായ രീതിയിൽ പെറോണിനെ സ്വന്തമാക്കി അർജന്റീനിയൻ ക്ലബിൽ തന്നെ തുടരാൻ അനുവദിക്കാനാവും സിറ്റിയുടെ പദ്ധതി. എന്നാൽ പത്തൊമ്പതു വയസ് മാത്രം പ്രായമുള്ള താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയാലും പെട്ടന്നു തന്നെ സീനിയർ ടീമിൽ ഇടം നേടാനുള്ള സാധ്യതയില്ല.

പെറോണിന്റെ കഴിവുകളെ കുറിച്ചും മറ്റും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും അർജന്റീന അണ്ടർ 20 ടീമിന്റെ പരിശീലകനായ ഹാവിയർ മഷറാനോയും തമ്മിൽ സംസാരിച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു. അതുകൊണ്ടു തന്നെ ട്രാൻസ്‌ഫർ ഉടൻ തന്നെ പൂർത്തിയാക്കാനാണ് സാധ്യത. കഴിഞ്ഞ മാർച്ചിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച താരം അണ്ടർ 20 ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ പ്രതിനിധീകരിച്ച് കളിക്കാൻ ഒരുങ്ങുകയാണ് പെറോൺ. അതിനു ശേഷം താരം ചിലപ്പോൾ യൂറോപ്പിലാവും കളി തുടരുക.

മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല പെറോണിനായി രംഗത്തുള്ള ക്ലബ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ളബുകളായ ന്യൂകാസിൽ യുണൈറ്റഡ്, വോൾവ്‌സ് എന്നിവരും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയും താരത്തെ ലക്ഷ്യമിടുന്നു. എന്നാൽ മഷരാനോയെ പെപ് ബാഴ്‌സയിൽ പരിശീലിപ്പിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ താരത്തെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്.