“ലോകകപ്പിൽ ഫ്രാൻസായിരുന്നു പ്രിയപ്പെട്ട ടീം, ലയണൽ മെസിക്ക് ആശംസ നൽകിയിട്ടില്ല”- വെളിപ്പെടുത്തലുമായി കാർലോസ് ടെവസ്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ലോകം മുഴുവൻ ആഘോഷിച്ച കാര്യമാണ്. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന ആദ്യമായി ലോകകപ്പ് കിരീടം നേടിയതിനു പുറമെ അത് ലയണൽ മെസിയുടെ കരിയറിനു പൂർണത നൽകിയ നേട്ടം കൂടിയായിരുന്നു. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസി രാജ്യത്തിനായി ഒന്നും ചെയ്‌തിട്ടില്ലെന്ന വിമർശകരുടെ വാക്കുകളെ മുഴുവൻ തിരുത്തിയാണ് ടൂർണമെന്റിലെ താരമായി മെസി ലോകകപ്പ് അർജന്റീനക്ക് നേടിക്കൊടുത്തത്. ഒന്നര വർഷത്തിനിടയിൽ അർജന്റീനക്കൊപ്പം ലയണൽ മെസി നേടുന്ന മൂന്നാമത്തെ കിരീടമായിരുന്നു ലോകകപ്പ്.

ലോകകപ്പിൽ അർജന്റീനയുടെ പ്രകടനവും ആവേശകരമായിരുന്നു. ആദ്യത്തെ മത്സരത്തിൽ അർജന്റീന സൗദിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ മെക്‌സിക്കോയെ തോൽപ്പിച്ച് അവർ ആത്മവിശ്വാസം വീണ്ടെടുത്തു. അതിനു ശേഷം നടന്ന മത്സരങ്ങളിൽ ഒരിക്കൽ പോലും അർജന്റീന പതറിയിട്ടില്ല. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരം കയ്യിൽ നിന്നും പോകുന്ന അവസ്ഥ ക്വാർട്ടർ ഫൈനലിലും ഫൈനലിലും ഉണ്ടായെങ്കിലും ഷൂട്ടൗട്ട് വരെ നീണ്ട ആ പോരാട്ടങ്ങളിലും വിജയം നേടി അർജന്റീന ലോകകപ്പ് ഉയർത്തിയത് ലോകമെമ്പാടുമുള്ള ഓരോ അർജന്റീന ആരാധകനും വളരെയധികം ആവേശം നൽകുന്ന കാര്യമായിരുന്നു.

എന്നാൽ അർജന്റീനയുടെ ഈ വിസ്‌മയിപ്പിക്കുന്ന നേട്ടങ്ങളുടെ ഇടയിൽ ലോകകപ്പ് തന്നെ ശ്രദ്ധിക്കാത്ത ഒരു മുൻ അർജന്റീന താരമുണ്ട്. ദേശീയ ടീമിനായി 2006ലെയും 2010ലെയും ലോകകപ്പുകളിൽ കളിച്ച് മൂന്നു ഗോളുകൾ നേടിയിട്ടുള്ള കാർലോസ് ടെവസാണ് ഖത്തർ ലോകകപ്പിന് യാതൊരു ശ്രദ്ധയും കൊടുക്കാതിരുന്നത്. അതിനു പുറമെ ഫ്രാൻസിനെയാണ് താൻ ലോകകപ്പിൽ പിന്തുണച്ചിരുന്നതെന്നും ടെവസ് പറയുന്നു. മെസിയുടെ സഹതാരമായി കളിച്ചിട്ടുള്ള ടെവസിൽ നിന്നും വന്ന വാക്കുകൾ എല്ലാ അർജന്റീന ആരാധകർക്കും അത്ഭുതമുണ്ടാക്കുന്ന കാര്യം തന്നെയാണ്.

“ഖത്തറിൽ നടന്ന ലോകകപ്പിനെ ഞാൻ അത്ര കാര്യമായി പിന്തുടന്നിട്ടില്ല. പക്ഷെ ഞാൻ ഫ്രാൻസിനെ ശ്രദ്ധിച്ചിരുന്നു, കാരണം ഞാൻ ഇഷ്‌ടപ്പെട്ടിരുന്ന ടീം അവരായിരുന്നു. ലയണൽ മെസിക്ക് ഞാൻ ആശംസാ സന്ദേശമൊന്നും അയച്ചിട്ടില്ല. കാരണം താരത്തിന്റെ ഫോൺ ഇപ്പോൾ തന്നെ പൊട്ടിത്തകർന്നു പോകുന്നതു പോലെയാകും ഇപ്പോഴുള്ളത്. എന്റെ കുട്ടികൾ മെസിയുടെ ഗോളുകൾ ആഘോഷിച്ചത് എനിക്ക് വളരെയധികം സന്തോഷമുണ്ടാക്കിയ കാര്യമാണ്.” കഴിഞ്ഞ ദിവസം റേഡിയോ മൈട്രീയോട് സംസാരിക്കുമ്പോൾ ടെവസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി കളിച്ചിട്ടുള്ള കാർലോസ് ടെവസ് അർജന്റീനിയൻ ക്ലബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകനായി ഉണ്ടായിരുന്നു. ലീഗിൽ അത്രയധികം മുന്നേറ്റം ക്ലബിനുണ്ടാക്കി കൊടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ജൂണിൽ പരിശീലകനായി എത്തിയ താരം സീസൺ കഴിഞ്ഞതോടെ ഒക്ടോബറിൽ ക്ലബ് വിട്ടു പോവുകയായിരുന്നു. അർജന്റീനക്കായി 76 മത്സരങ്ങളിൽ ഇറങ്ങിയ ടെവസ് പതിമൂന്നു ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്.