“സിദാനാണ് ഫ്രാൻസ്”- ഇതിഹാസതാരത്തോടു കാണിച്ച അപമര്യാദക്കെതിരെ എംബാപ്പെ

ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തിയതോടെ ദെഷാംപ്‌സ് തന്നെ തുടരുകയാണു ചെയ്‌തത്‌. ഇപ്പോൾ ദെഷാംപ്‌സിന് പുതിയ കരാറും നൽകിയിട്ടുണ്ട്. 2026 യൂറോ കപ്പ് വരെ ഫ്രാൻസിന്റെ പരിശീലകനായി തുടരാനുള്ള കരാറാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ കരിം ബെൻസിമയെ ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നതിനിടെയാണ് ദിദിയർ ദെഷാംപ്‌സിന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പുതിയ കരാർ നൽകിയതെന്നതു ശ്രദ്ധേയമാണ്.

അതിനിടയിൽ ദെഷാംപ്‌സിന് പുതിയ കരാർ നൽകിയതിനു ശേഷം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വിവാദമായി മാറുകയാണ്. സിദാൻ ഫ്രാൻസ് ടീമിന്റെ പരിശീലകനായി വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം തങ്ങളുടെ റഡാറിൽ ഉണ്ടായിരുന്നുവെന്നാണ് നോയൽ ലെ ഗ്രെയ്റ്റ് പറഞ്ഞത്. അദ്ദേഹത്തിന് നിരവധി പേർ പിന്തുണ നൽകുന്നുണ്ടെന്നും അവർ ദെഷാംപ്‌സ് പുറത്തു പോകാൻ വേണ്ടി നിൽക്കുകയാണെന്നും ഗ്രെയ്റ്റ് പറഞ്ഞു. എന്നാൽ ആർക്കും ദെഷാംപ്‌സിനെ വിമർശിക്കാൻ കഴിയില്ലെന്നു കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദെഷാംപ്‌സ് പുറത്തു പോകുമെന്നും സിദാൻ വരുമെന്നുമുള്ള ചർച്ചകൾ മാധ്യമങ്ങൾ ക്ലിക്കുകൾക്കു വേണ്ടി പൊലിപ്പിച്ചു കാട്ടുകയാണെന്ന അഭിപ്രായവും ഗ്രെയ്റ്റ് പ്രകടിപ്പിച്ചു. പത്ത് വർഷമായി ദെഷാംപ്‌സിനെ തനിക്കറിയാമെന്നും യാതൊരു പ്രശ്‌നവും അദ്ദേഹം ഉണ്ടാക്കിയിട്ടില്ലെന്നും ഗ്രെയ്റ്റ് കൂട്ടിച്ചേർത്തു. അതേസമയം ഗ്രെയ്റ്റ് സിദാന്റെ സ്വന്തമാക്കാനുള്ള സാധ്യകൾ തള്ളിയതിന്റെ രീതി മാത്രമല്ല, സിദാൻ വിളിച്ചാൽ താൻ ഫോണെടുക്കില്ലെന്നു പറഞ്ഞതാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയരാനുള്ള കാരണമായത്.

“സിദാൻ എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചാൽ, ഞാൻ ഫോണെടുക്കില്ല. എന്തിനാണ് ഞാൻ ഫോണെടുക്കുന്നത്? മറ്റൊരു ക്ലബ്ബിനെ കണ്ടെത്തൂവെന്നു പറയുന്നതിനു വേണ്ടിയോ? ഒരു ക്ലബിനെയോ അല്ലെങ്കിൽ ദേശീയ ടീമിനെയോ കണ്ടെത്താനുള്ള സ്‌പെഷ്യൽ പ്രോഗ്രാം ഉണ്ടാക്കാനോ?” ഗ്രെയ്റ്റ് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ഇതിനെതിരെ എംബാപ്പെ തന്നെ രംഗത്തു വരികയുണ്ടായി. “സിദാനാണ് ഫ്രാൻസ്, നിങ്ങൾക്കൊരിക്കലും ഒരു ഇതിഹാസത്തെ അവമതിക്കാൻ സാധിക്കില്ല” എന്നാണു എംബാപ്പെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ലോകകപ്പിനു ശേഷം ഫ്രഞ്ച് ഫുട്ബോളിൽ പലതും നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്. ബെൻസിമയെ ലോകകപ്പ് ടീമിലേക്ക് തിരിച്ചു വിളിക്കാതിരുന്നതും ലോകകപ്പിനു ശേഷം താരം വിരമിക്കൽ പ്രഖ്യാപിച്ചതും എല്ലാം ഇതിനൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.