സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റം മെസിക്കെതിരെ, നീരസം പ്രകടിപ്പിച്ച് അൽ നസ്ർ പരിശീലകൻ

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ അപ്രതീക്ഷിതമായ ഒന്നായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനി സ്വന്തമാക്കാൻ നേട്ടങ്ങളൊന്നും ബാക്കിയില്ലെന്നും ഇനി ഏഷ്യൻ ഫുട്ബോളിലെ റെക്കോർഡുകൾ തകർക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ് സൗദി ക്ലബായ അൽ നസ്‌റിലെത്തിയ റൊണാൾഡോയെ ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ച് നിരവധി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും താരം ക്ലബിനായി ബൂട്ടു കിട്ടിയിട്ടില്ല. റൊണാൾഡോയെപ്പോലെ ലോകഫുട്ബോളിന്റെ ഉയരങ്ങളിൽ നിൽക്കുന്ന താരം എന്നാണു സൗദിയിൽ ആദ്യമായി പന്ത് തട്ടുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അതിനായി അവർ കാത്തിരിക്കുകയും ചെയ്യുന്നു.

റൊണാൾഡോയെ സ്വന്തമാക്കിയതിനു ശേഷം രണ്ടു മത്സരങ്ങൾ സൗദി അറേബ്യൻ ക്ലബായ ആൾ നസ്ർ കളിച്ചെങ്കിലും താരം ടീമിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിനു ശേഷം ഒരു മത്സരം മാത്രമേ അവർ കളിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് എഫ്‌എ ഏർപ്പെടുത്തിയ രണ്ടു മത്സരങ്ങളിലെ വിലക്കുള്ളതിനാൽ റൊണാൾഡോക്ക് ഇനി നടക്കാനിരിക്കുന്ന ഒരു മത്സരം കൂടി നഷ്‌ടമാകും. സൗദി പ്രൊ ലീഗിൽ ആദ്യസ്ഥാനങ്ങളിൽ തന്നെ നിൽക്കുന്ന അൽ ഷബാബുമായുള്ള മത്സരമാണ് റൊണാൾഡോക്ക് ഇനി നഷ്‌ടമാവുക. അതിനു ശേഷം താരത്തിന് ടീമിനായി കളത്തിലിറങ്ങാൻ പറ്റും. സൗദി പ്രൊ ലീഗിൽ അൽ എറ്റിഫാഖിനെതിരെ ജനുവരി ഇരുപത്തിനാലിനു നടക്കുന്ന മത്സരത്തിലാകും റൊണാൾഡോയുടെ അൽ നസ്‌റിലെ അരങ്ങേറ്റം.

Ronaldo’s Saudi Debut Against Messi’s PSG

എന്നാൽ അതിനു മുൻപ് തന്നെ സൗദി അറേബ്യയിൽ കളിക്കാൻ റൊണാൾഡോക്ക് അവസരമുണ്ട്. ഫ്രഞ്ച് ക്ലബായ പിഎസ്‌ജി ഈ മാസം സൗദിയിൽ വന്നു സൗഹൃദ മത്സരം കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 19നു നടക്കുന്ന ഈ മത്സരത്തിൽ സൗദിയിലെ പ്രധാന ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നീ ക്ലബുകളിലെ താരങ്ങൾ അണിനിരക്കുന്ന ഓൾ സ്റ്റാർ ഇലവനെതിരെയാണ് പിഎസ്‌ജി കളിക്കുക. റൊണാൾഡോയിപ്പോൾ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായതിനാൽ ഈ മത്സരത്തിൽ കളിക്കുമെന്നുറപ്പാണ്. അങ്ങിനെയാണെങ്കിൽ റൊണാൾഡോയുടെ സൗദി അരങ്ങേറ്റം ലയണൽ മെസിയടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജിക്ക് എതിരെയാകും.

എന്നാൽ റൊണാൾഡോ പിഎസ്‌ജിയുമായി സൗദി അറേബ്യയിൽ ആദ്യത്തെ മത്സരം കളിക്കുന്നതിൽ അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയക്ക് ഒട്ടും സന്തോഷമില്ല. അൽ നസ്ർ ക്ലബിനു വേണ്ടിയല്ല, മറിച്ച് രണ്ടു ക്ലബുകളിലെ താരങ്ങൾ ഉൾപ്പെട്ട ഓൾ സ്റ്റാർ ഇലവന് വേണ്ടിയാണ് റൊണാൾഡോ കളിക്കുന്നതെന്നതാണ് അദ്ദേഹത്തിന്റെ നീരസത്തിനു കാരണം. അതിനു പുറമെ ആ മത്സരത്തിനു ശേഷം മൂന്നു ദിവസം കഴിയുമ്പോൾ തന്നെ അൽ നസ്ർ മറ്റൊരു മത്സരം സൗദി പ്രൊ ലീഗിൽ കളിക്കണമെന്നതും അദ്ദേഹത്തിന്റെ അനിഷ്‌ടത്തിന്റെ പ്രധാന കാരണമാണ്. എന്നാൽ പിഎസ്‌ജിയെപ്പോലൊരു ടീമിനെതിരെ തന്റെ താരങ്ങൾ ഇറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

റൊണാൾഡോ സൗദി ലീഗിലേക്ക് പോയതോടെ ഇനി മെസിയും റൊണാൾഡോയും തമ്മിലുള്ള മത്സരം കാണാൻ കഴിയില്ലെന്ന് ചിന്തിച്ചിരുന്ന ആരാധകർക്ക് ആവേശം നൽകിയാണ് മൂന്നാഴ്‌ചക്കുള്ളിൽ ഇത്തരമൊരു മത്സരം വരുന്നത്. 2022ന്റെ ആദ്യം തീരുമാനിച്ച മത്സരമായിരുന്നു ഇതെങ്കിലും കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങൾ കാരണം അത് നീട്ടി വെക്കുകയായിരുന്നു. ആ നീട്ടിവെക്കൽ ഒരു ലോകം ശ്രദ്ധിക്കുന്ന ഒരു മത്സരത്തിന് വഴി തുറക്കുകയും ചെയ്‌തു.