മെസി ഈ വർഷം ബാലൺ ഡി ഓർ നേടിയാൽ ഫുട്ബോളിൽ നിന്നും വിരമിക്കും, റൊണാൾഡോ പറഞ്ഞത് വെളിപ്പെടുത്തി ഫ്രഞ്ച് ജേണലിസ്റ്റ്

ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയാൽ താൻ ഫുട്ബാളിൽ നിന്നും വിരമിക്കുമെന്ന പ്രസ്‌താവന ക്രിസ്റ്റ്യാനോ റൊണാൾഡോ 2019ൽ നടത്തിയിരുന്നുവെന്ന് തിയറി മെർച്ചന്ദ്‌. ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രഞ്ച് ഫുട്ബോൾ മാഗസിന്റെ മുൻ ചീഫായിരുന്ന മെർച്ചന്ദ്‌ റൊണാൾഡോയുടെ പേഴ്‌സണൽ ബയോഗ്രഫി തയ്യാറാക്കിയിട്ടുണ്ട്.

പേഴ്‌സണൽ ബയോഗ്രഫിക്കു വേണ്ടി റൊണാൾഡോയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറയുന്നത്. മെസി കംഫർട്ട് സോണായ ബാഴ്‌സയിൽ തന്നെ തുടരുകയാണെന്നും താൻ ക്ലബുകൾ മാറുന്നത് ഇത്തരം പുരസ്‌കാരങ്ങൾ നേടാനുള്ള സാധ്യത കുറക്കുന്നുവെന്നും റൊണാൾഡോ അഭിപ്രായപ്പെടുന്നു. ലയണൽ മെസി ആ വർഷം ബാലൺ ഡി ഓർ നേടിയാൽ താൻ വിരമിക്കുമെന്നു താരം പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നും മെർച്ചന്ദ്‌ പറയുന്നു.

അഭിമുഖം നടത്തുന്ന 2019ൽ യുവന്റസ് താരമായിരുന്നു റൊണാൾഡോ. റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ക്ലബ് വിട്ട താരത്തിന് പക്ഷെ യുവന്റസിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ഒരു ബാലൺ ഡി ഓർ പുരസ്‌കാരം നേടാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞില്ല.

അതേസമയം ആ വർഷത്തെ ബാലൺ ഡി ഓർ മെസി തന്നെയാണ് നേടിയത്. അതിനു ശേഷം 2021ൽ മറ്റൊരു ബാലൺ ഡി ഓർ കൂടി നേടി ആകെ നേട്ടങ്ങളുടെ എണ്ണം ഏഴാക്കി വർധിപ്പിക്കാൻ താരത്തിനായി. റൊണാൾഡോ അഞ്ചു ബാലൺ ഡി ഓർ നേടിയപ്പോൾ അതിൽ നാലെണ്ണവും റയൽ മാഡ്രിഡിനൊപ്പമായിരുന്നു.